ബെംഗളൂരു : ന്യൂനപക്ഷ പദവിയോടെയുള്ള ലിംഗായത്ത് പ്രത്യേക മത രൂപീകരണത്തിൽ, 14നു നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം സിദ്ധരാമയ്യ സർക്കാർ അന്തിമ തീരുമാനമെടുക്കും. സംസ്ഥാന ന്യൂനപക്ഷ സമിതിക്കു കീഴിൽ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സമിതി ഈ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രശ്നത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
പ്രത്യേക മത രൂപീകരണത്തെ അനുകൂലിക്കുന്ന റിപ്പോർട്ടിൽ, ലിംഗായത്തുകളും ഹിന്ദുമതവും വ്യത്യസ്തമാണെന്നു സ്ഥാപിക്കാൻ ഏറെ തെളിവുകളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രത്യേക മതരൂപീകരണ ആവശ്യവുമായി ലിംഗായത്ത് വിഭാഗം ശക്തിപ്രകടനങ്ങളുമായി സജീവമായിരിക്കെ, മറുഭാഗത്ത് ഹിന്ദുമതത്തിനു പുറത്തു പോകേണ്ടെന്ന അഭിപ്രായവുമായി വീശൈവരുടെ ആസ്ഥാനമായ പഞ്ചപീഠ, വിരക്ത മഠങ്ങളും രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം 14ന് ഉണ്ടാകുമെന്നു ഹുബ്ബള്ളിയിൽ നിയമ മന്ത്രി ടി.ബി. ജയചന്ദ്ര വ്യക്തമാക്കിയത്.
പ്രത്യേക മതപദവിക്കായി കേന്ദ്ര സർക്കാരിനു മുന്നിൽ നിർദേശം സമർപ്പിക്കുന്നതു സംബന്ധിച്ചാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ലിംഗായത്ത് സമുദായത്തെ വെട്ടിമുറിക്കുന്ന കോൺഗ്രസ് കനത്തവില നൽകേണ്ടി വരുമെന്ന് വീരശൈവ പഞ്ചപീഠങ്ങളിലൊന്നായ രംഭാപുരി പീഠത്തിന്റെ മഠാധിപതി വീരസോമേശ്വര ശിവാചാര്യ സ്വാമിജി മുന്നറിയിപ്പു നൽകി. ‘മന്ത്രിമാർക്ക് ഇടയിൽ അഭിപ്രായഭിന്നതയില്ല’ ലിംഗായത്ത് വിഷയത്തിൽ മന്ത്രിമാർക്കിടയിൽ അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ജയചന്ദ്ര വ്യക്തമാക്കി. മന്ത്രിമാർ ഇരുചേരിയായി തിരിഞ്ഞു വാദപ്രതിവാദം നടത്തിയെന്ന വാർത്ത മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരണ പ്രകാശ് പാട്ടീലും തള്ളി. ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
മന്ത്രിമാർ അവരവരുടെ അഭിപ്രായം പങ്കുവച്ചെന്നേയുള്ളൂ എന്നും മന്ത്രി ശരണപ്രകാശ് പാട്ടീൽ പറഞ്ഞു. ചില മന്ത്രിമാർ രാജിക്കൊരുങ്ങി എന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രത്യേക മതരൂപീകരണ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ജലവിഭവ മന്ത്രി എം.ബി. പാട്ടീൽ, ഖനി മന്ത്രി വിനയ് കുൽക്കർണി, ഉന്നതവിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി തുടങ്ങിയവരാണ് ലിംഗായത്ത് മതരൂപീകരണത്തിനായി വാദിക്കുന്നത്. മറുവശത്ത് മുനിസിപ്പൽ ഭരണ മന്ത്രി ഈശ്വർ ഖണ്ഡ്രെ, ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുൻ തുടങ്ങിയവരാണ് എതിർക്കുന്നത്.
അഖിലഭാരതീയ വീരശൈവ മഹാസഭ പ്രസിഡന്റും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഷമന്നൂർ ശിവശങ്കരപ്പയാണ് വീരശൈവരുടെ ശബ്ദം. ഷമന്നൂർ ശിവശങ്കരപ്പയുടെ മകനാണ് മന്ത്രി എസ്.എസ്. മല്ലികാർജുൻ. ‘കോൺഗ്രസ് തിരിച്ചടി നേരിടും’ ലിംഗായത്ത്- വീരശൈവരെ വിഭജിക്കാൻ തയാറെടുക്കുന്ന കോൺഗ്രസ് സർക്കാരിനു തിരച്ചടി നൽകാൻ വീരസോമേശ്വര ശിവാചാര്യ സ്വാമി വോട്ടർമാരോട് അഭ്യർഥിച്ചു. വിഭജനമുണ്ടായാൽ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കങ്ങളെ ചെറുത്തുതോൽപിക്കാൻ ശ്രമം നടത്തും.
മതവിഷയങ്ങളിൽ ഇതേവരെ ഒരു മുഖ്യമന്ത്രിയും ഇടപെട്ടിട്ടില്ല. ഇത്തരത്തിലുള്ള കൈകടത്തലുകൾ ശരിയല്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. വീരശൈവ എന്ന പദം ഒരു സിദ്ധാന്തമാണ്. ലിംഗായത്ത് എന്നത് ആചാരവും. ഇതിനെ ഒരു സ്വതന്ത്രമതമായി സർക്കാരിനു പരിഗണിക്കാം. പക്ഷെ ലിംഗായത്തുകൾക്ക് മാത്രമായി ന്യൂനപക്ഷ പദവിയുള്ള പ്രത്യേക മതത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുൻപാകെ നിർദേശം സമർപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിംഗായത്തുകൾ കർണാടകയിലെ ഒരു ഭൂരിപക്ഷ വിഭാഗമാണ്. ഇവരെ ന്യൂനപക്ഷങ്ങളുടെ പട്ടികയിലേക്കു മാറ്റുന്നതു തെറ്റാണെന്നും വീരസോമേശ്വര ശിവാചാര്യ സ്വാമി അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.