വിമാനത്താവളത്തിലേക്കുള്ള ദൂരം കുറഞ്ഞു;ഇനി ഹെബ്ബാൾ തൊടാതെ വേഗത്തിലെത്താം;

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഹെന്നൂർ ക്രോസ്-തന്നിസന്ദ്ര സമാന്തര റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. നിലവിലെ ബെള്ളാരി റോഡിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലേക്കുള്ള പുതിയ സമാന്തരപാത തുറന്നത്.

രണ്ടുവർഷം മുൻപു നിർമാണമാരംഭിച്ച പാതയിലേക്ക് ഔട്ടർ റിങ് റോഡിൽനിന്നു പ്രവേശിക്കാൻ സാധിക്കും. മുഖ്യമന്ത്രിയുടെ നഗരോത്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി ചെലവഴിച്ചാണു റോഡ് നവീകരിച്ചത്. നാലുവരിയായി വികസിപ്പിച്ച റോഡിൽ പ്രധാന ജംക്‌ഷനുകളിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്ന പ്രവൃത്തികളും മീഡിയനുകളുടെ നിർമാണവുമാണ് ഇനി അവശേഷിക്കുന്നത്.

ബെംഗളൂരുവിലെ കിഴക്കൻ മേഖലയിലുള്ളവർക്കു ഹെബ്ബാളിലെത്താതെ സമാന്തര റോഡ് വഴി വിമാനത്താവളത്തിലേക്കു വരാനും പോകാനും സാധിക്കും. ഹെന്നൂർ ക്രോസിൽനിന്നു തന്നിസന്ദ്ര – ബാഗലൂർ, മൈലനഹള്ളി വഴി കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ സൗത്ത് വെസ്റ്റ് ഗേറ്റിലേക്കാണ് പുതിയ റോഡിലൂടെ എത്തുക.

21.48 കിലോമീറ്റർ ദൂരം വരുന്ന റോഡ് കെആർ പുരം, ഹെന്നൂർ, ലിംഗരാജ പുരം, കമ്മനഹള്ളി, കഗദാസപുര, സിവി രാമൻനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു വളരെ ഗുണകരമാകും. നിലവിൽ ഇവിടെ നിന്നുള്ളവർ ഹെബ്ബാളിലെത്തി വേണം ബെള്ളാരി റോഡിലൂടെ വിമാനത്താവളത്തിലെത്താൻ.

തിരക്കേറിയ നേരങ്ങളിൽ ഒന്നരമണിക്കൂർ വരെ സമയമെടുക്കുന്ന സാഹചര്യത്തിൽ പുതിയ റോഡിലൂടെ 45 മിനിറ്റ് കൊണ്ടു വിമാനത്താവളത്തിലെത്താം. ബെള്ളാരി റോഡിലൂടെ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന ബെള്ളാരി റോഡിൽ മരിക്കുന്നവരിലേറെയും ഇരുചക്രവാഹനയാത്രക്കാരും കാൽനട യാത്രക്കാരുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us