ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തുടക്കമാകും. വിധാൻസൗധയിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമ നിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. മന്ത്രി റോഷൻ ബെയ്ഗ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രാമലിംഗറെഡ്ഡി, കെ.ജെ.ജോർജ്, ഡോ. എച്ച്.സി.മഹാദേവപ്പ, ഉമാശ്രീ, പ്രിയങ്ക് ഖർഗെ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ, നിയമ നിർമാണ കൗൺസിലിലെ ബിജെപി കക്ഷിനേതാവ് കെ.എസ്.ഈശ്വരപ്പ, മേയർ ആർ.സമ്പത്ത്രാജ്, കന്നഡ ചലച്ചിത്രതാരങ്ങളായ ശിവരാജ് കുമാർ, സുദീപ്, ദർശൻ, തെന്നിന്ത്യൻ ചലച്ചിത്രതാരം സുഹാസിനി, ശ്രുതി ഹരിഹരൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്നു വിധാൻസൗധയിലെ ബാംക്വറ്റ് ഹാളിൽ ഉദ്ഘാടനചിത്രം ലോറ ലെഗലെ (ഇറ്റലി) പ്രദർശിപ്പിക്കും. മാർച്ച് ഒന്നുവരെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറുനൂറോളം സിനിമകൾ ബെംഗളൂരുവിലെ 11 സ്ക്രീനുകളിലായി പ്രദർശിപ്പിക്കും. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങളിലും കന്നഡ പോപ്പുലർ എന്റർടെയ്ൻമെന്റ് വിഭാഗത്തിലുമായാണ് പ്രദർശനം. ടേക്ക് ഓഫ്(സംവിധാനം: മഹേഷ് നാരായണൻ), പാതി (ചന്ദ്രൻ നരിക്കോട്), ക്ലയന്റ് (ഹരികുമാർ), സ്വനം (ടി.ദീപേഷ്), പതിരാകാലം (പ്രിയനന്ദനൻ) എന്നിവയാണ് മേളയിൽ ഇടംപിടിച്ച മലയാള ചിത്രങ്ങൾ.