കോഴിക്കോട്: ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര് ടി സിക്ക് കഴിഞ്ഞു.
സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച ചരിത്രത്തിലാദ്യമായി ഒരു ദിവസം കൊണ്ട് എട്ട് കോടി കളക്ഷന്‍ സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ആര്.ടി.സി.
അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഇന്നോ നാളെയോ മുഖ്യമന്ത്രിയെ കാണും. ഇന്നലെ ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ ബസുടമകള്‍ തമ്മില്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയത് സമരക്കാര്‍ക്കിടയിലെ അനൈക്യം തുറന്നു കാട്ടിയിട്ടുണ്ട്.