എന്താ വാലന്റൈൻസ് ഡേ ആയിട്ടു പരിപാടി, ആർക്കും റോസാപ്പൂവൊന്നും വാങ്ങിക്കൊടുത്തില്ലേ…
പുറകിലെ സീറ്റിലിരിക്കുന്ന ഉത്തരേന്ത്യൻ പെണ്‌സുഹൃത്തിന്റെ ചോദ്യത്തിന് പതിവിൽകൂടുതൽ പുച്ഛം വാരിയിട്ടു ഞാൻ പറഞ്ഞു…
എന്തോന്ന് വാലന്റൈൻസ് ഡേ, എനിക്കതിലൊന്നും ഒരു ഇന്റ്റെസ്റ്റില്ല. അതൊക്കെ വെറുതെ കച്ചവടക്കാർ അവരുടെ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതല്ലേ… ഞാൻ ഇന്ന് ഓഫീസിൽവരുന്ന വഴിക്ക്പോലും കണ്ടതാ, റോഡ് സൈഡുകളിൽ പതിവിൽ കൂടുതൽ പൂക്കച്ചവടക്കാരെ, ഇന്നവരുടെ ദിവസമല്ല… പോരാത്തതിനു പാശ്ചാത്യ സംസ്കാരവും. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ, നമ്മൾ ഒരിക്കലും പടിഞ്ഞാറൻ സംസ്കാരം കൊണ്ടുനടക്കാൻ പാടില്ല.
പണിതിരക്കുകൾക്കിടയിലെ അനാവശ്യചോദ്യങ്ങൾക്കുള്ള അവളോടുള്ള ദേഷ്യത്തിനപ്പുറം, ആഘോഷിക്കാൻ കൂട്ടിനു പെണ്ണോരുത്തിയില്ലാത്തവന്റെ സങ്കടവും ദേഷ്യവുമെല്ലാം അതിലുണ്ടായിരുന്നു.
പതിവുദിവസത്തിനപ്പുറം വാലന്റൈൻസ് ഡേ ക്കു ഒരു പ്രത്യേകതയുമില്ലെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ഫേസ്ബുക്ക് ചാറ്റ്ബോക്സിൽ ഒരു മെസ്സേജ് വന്നുകിടക്കുന്നതു കണ്ടത്. സാധാരണ ഫേസ്ബുക് മെസ്സേജുകൾ വായിക്കാൻ മടികാണിക്കാറുള്ള ഞാൻ, അറിയാതെ കൈതട്ടിയതുകൊണ്ടാവണം വായിക്കാൻ നിർബന്ധിതനായത്.
നേഹ അഗർവാൾ… പേരുകേൾക്കുമ്പോൾ തന്നെ ഗോതമ്പിന്റെ നിറമുള്ളൊരു ഉത്തരേന്ത്യൻ സുന്ദരിയുടെ മുഖമല്ലേ നിങ്ങളുടെ മനസ്സിൽ വന്നത്. ശരിയാണ് സുന്ദരി എന്നുപറഞ്ഞാൽ അതിസുന്ദരി, ഞാൻ മുമ്പു വർക് ചെയ്തിരുന്ന കമ്പനിയിൽ കൂടെ വർക്ക്‌ചെയ്തിരുന്നവളാണ്.
പൊതുവെ സൈലന്റ് ആയിട്ടുള്ള ഞാൻ കഴിഞ്ഞ രണ്ടുവർഷതത്തിനിടക്കു മൂന്നുനാലു തവണയല്ലാതെ അവളോട് സംസാരിച്ചിട്ടില്ല, അതും ജോലിയുടെ ആവശ്യത്തിനല്ലാതെ…
ഇവളിപ്പോ എന്തിനാവും പതിവില്ലാതെ എനിക്ക് ഹായ് അയച്ചിരിക്കുന്നുണ്ടാവുക !! അതും വാലന്റൈൻസ് ഡേക്കുത്തന്നെ. ഇനിയിപ്പോ ഞാൻ അറിയാതെയെങ്ങാനും എന്നെ ഇഷ്ടപെട്ടിരുന്നുകാണുമോ… ഇങ്ങിനെ ഓരോന്നു ചിന്തിച്ചുകൊണ്ടു തിരിച്ചു ഒരു ഹായ് കൊടുത്തു.
ഹൗ ആർ യു? ഓണ്ലൈനിൽ ഉള്ളതുകാരണം ചോദ്യം പെട്ടെന്നു വന്നു.
ഡൂയിങ് ഗുഡ്, ഹൗ എബൗട്ട് യു?
ഫൈൻ, കാൻ യു പ്ളീസ് ഗിവ് മീ യുവർ നമ്പർ, ഐ നീഡ് ടു ടോക് വിത് യു പേർസണൽ…
മോനെ…മനസ്സിൽ ചെറിയ ഒരു ലെഡു പൊട്ടി !!! ഇതതുതന്നെ…എന്നെ ഇഷ്ടമാണെന്നുപറയാനാണ്.
ചൊദിക്കേണ്ട താമസം നമ്പർ കൊടുത്തു.
അല്ലെങ്കിലും ചോദിക്കാതെ തന്നെ നമ്പർ കൊടുക്കാൻ പ്ലാൻ ചെയ്തിരുന്നതാണ് ഞാൻ, അപ്പൊ പിന്നെ കൊടുക്കാൻ താമസം വരില്ലല്ലോ…
രണ്ടു മിനിറ്റിനകം ഫോണിലേക്ക് കാൾ വന്നു. സംസാരിക്കാൻ വേണ്ടി സീറ്റിൽനിന്നെണീറ്റ് പുറത്തുപോകുന്നതുകണ്ടു അടുത്ത സീറ്റിലുള്ള സുഹൃത്തു ചോദിച്ചു, ‘ എങ്ങോട്ടാണ് ഇങ്ങിനെ ഓടിപ്പോകുന്നത് ‘
ഞാൻ നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, റോസാപ്പൂ വാങ്ങിക്കാൻ പോകുവാ…
അപ്പൊ നീയല്ലേ നേരത്തെ പറഞ്ഞത്, വാലന്റൈൻസ് ഡേ കച്ചവടക്കാർ മർകെറ്റിങിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് എന്നൊക്കെ…
അതു പിന്നെ…. ഞാൻ അങ്ങിനെ പറഞ്ഞോ… നമ്മൾ വാങ്ങിയാലല്ലേ അവർക്ക് കച്ചവടമുണ്ടാവൂ, അപ്പോഴല്ലേ അവർക്ക് അരിവാങ്ങിക്കാൻ പറ്റൂ…
ഓടി മീറ്റിംഗ് റൂമിൽ എത്തി ഫോണെടുക്കും മുന്നേ കാട്ടായിപ്പോയി. ഇവിടെയാവുമ്പോൾ സ്വസ്ഥമായി സംസാരിക്കാം എന്നുവെച്ചാണ് ഇങ്ങോട്ടുപോന്നത്.
ഞാൻ അങ്ങോട്ട് ഡയൽ ചെയ്തു. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. അല്ലെങ്കിലും പണ്ടേ ഉള്ളതാ, ഇഷ്ടപ്പെട്ട പെണ്പിള്ളേരെ കാണുമ്പോഴോ സംസാരിക്കാൻ പോവുമ്പോഴോ ഈ ഹൃദയത്തിന്റെ ആഞ്ഞുള്ള മിടിപ്പ്.
അങ്ങേതലക്കൽ ഒരു കിളിപോലുള്ള മധുര ശബ്ദം. എന്റെ ദൈവമേ…ഇവളുടെ ശബ്ദത്തിനിത്ര മധുരമുണ്ടായിരുന്നോ, ഞാൻ ഇപ്പഴാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്.
സുഖാന്വേഷണങ്ങൾ നീണ്ടുപോയപ്പോൾ ലാലേട്ടന്റെ ശൈലിയിൽ ഞാൻ പറഞ്ഞു, എന്നോട് പറ… വേഗം പറ..
എന്ത് ! എന്തോന്നാ പറയണ്ടേ…
ലാലേട്ടനെ ശൈലി അവൾക്കു മനസ്സിലാവാത്തതുകൊണ്ടാണെന്നു തോന്നുന്നു അവളുടെ ചോദ്യം പെട്ടെന്നായിരുന്നു.
ഐ ലവ് യൂ ന്ന്…
ലൗവോ… നിന്നോടൊ, എനിക്കോ…
അപ്പൊ നീയല്ലേ പറഞ്ഞത് എന്നോട് പേർസണലായി ഒരു കാര്യംപറയാനുണ്ടെന്നു… എന്നിട്ടിപ്പൊ…
അത് പിന്നെ ഇതല്ല… ഒരു ബിസിനസ്സ് കാര്യമാ… നിനക്കു സൈഡ് ബിസിനസിലൂടെ പൈസ ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ ? ഞാനിപ്പോൾ ജോലിയുടെ കൂടെ ഒരു ബിസിനസ് കൂടെ ചെയ്യുന്നുണ്ട്. ഒരുപാട് ക്യാഷ് ഉണ്ടാകുന്നുണ്ട്, ഇനി കാർ വാങ്ങിക്കാൻ ഉള്ള പ്ലാനിലാ… നിനക്കും ഇങ്ങിനെ ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഒരു ക്ലാസ് അറേഞ്ചു ചെയ്യാം…
ഓഹോ… അതിനായിരുന്നോ… മനുഷ്യനെ പറ്റിക്കാൻ, അതും വാലന്റൈൻസ് ഡേയ്ക്ക്…
ഞാൻ ഓരോന്നു ചിന്തിച്ചുകൂട്ടി.
മാർക്കറ്റിംഗ് അല്ലെ, മണിചെയ്ൻ പോലത്തെ, എനിക്ക് താൽപര്യമില്ല കുട്ടീ…
കാൾ വെച്ചുകഴിഞ്ഞു മീറ്റിംഗ് റൂമിൽനിന്നിറങ്ങിനടക്കുന്നതിനിടയിൽ ഞാൻ മനസ്സിൽ പിറുപിറുത്തു.
എങ്ങോട്ടു തിരിഞ്ഞാലും മാർക്കറ്റിങ് തന്ദ്രങ്ങളാണല്ലോന്റെദൈവമേ…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.