ഹൈക്കോടതി വിധി മാനിച്ചാണ് ബന്ദ് പിൻവലിച്ചതെന്ന് കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജ് അറിയിച്ചു. കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനം ആഘോഷമാക്കാനിരുന്ന ബിജെപിക്ക് ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് ആശ്വാസമായി.
സുപ്രീംകോടതി നിർദേശമനുസരിച്ച് സംഘടനകൾക്കോ, വ്യക്തികൾക്കോ ബന്ദ് ആഹ്വാനം ചെയ്യാനാകില്ലെന്നും അതിനാൽ ചില സംഘടനകൾ നാളെ ആഹ്വാനം ചെയ്ത ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ്, ജസ്റ്റിസ് പി.എസ്. ദിനേഷ്കുമാർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്.
ഇക്കാര്യത്തിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ സർക്കാർ പിന്തുടരണമെന്നും ജനജീവിതം ഉറപ്പാക്കുകയും വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ബന്ദിനെതിരെ ബെംഗളൂരുവിലെ ശ്രദ്ധ പേരന്റ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഈ ആഴ്ചയാദ്യം സർക്കാരിനും ബന്ദ് ആഹ്വാനം ചെയ്ത കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജിനും കോടതി അടിയന്തര നോട്ടിസ് അയച്ചിരുന്നു.
ഇതേ വിഷയത്തിൽ കഴിഞ്ഞ 25നു നടന്ന ബന്ദിൽ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തണമെന്നും ഈ തുക ബന്ദ് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്നും ഹർജിക്കാർ വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാലാണ് കന്നഡ സംഘടനകൾ നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. മഹാദായി പ്രശ്നം പ്രധാനമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചാലേ ബന്ദ് പിൻവലിക്കുകയുള്ളു എന്നും ഇവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രിക്കു സുരക്ഷ ഒരുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രിയല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കും.
പ്രതിഷേധിക്കണം എന്നുള്ളവർക്കു ഫ്രീഡം പാർക്കിലോ മറ്റെവിടെയെങ്കിലുമോ ആകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മഹാദായി നദീജല പ്രശ്നത്തിൽ മോദി നാളെ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നു ജനസാമാന്യര പാർട്ടി നേതാവ് ചന്ദ്രശേഖര പാട്ടീൽ പറഞ്ഞു. മഹാദായി പ്രശ്നത്തിൽ ഫ്രീഡം പാർക്കിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.