കൃത്യമായ ഇടപെടലുകൾ നടത്തിയ മലയാളി സംഘടനകൾക്ക് കൊടുക്കാം ഒരു കയ്യടി;

ബെംഗളൂരു : കെ കെ ടി എഫ് പോലുള്ള മലയാളി യാത്രക്കാരുടെ സംഘടനയുടെയും ബാംഗ്ലൂർ കേരള സമാജത്തിന്റെയും നിതാന്ത പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങി,  മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും തുടർ യാത്രാ ദുരിതത്തിനും താൽക്കാലിക പരിഹാരം. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷാർഥം സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറിനും  ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്രയ്ക്കും നിർദേശം നൽകി.

എയ്ഡ് പോസ്റ്റ് സ്ഥാപിക്കും വരെയുള്ള താൽക്കാലിക സംവിധാനമായി, പുലികേശിനഗർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും  കോൺസ്റ്റബിളിനെയും  ഇവിടെ സ്ഥിരം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന്  ബെംഗളൂരു ഈസ്റ്റ് ട്രാഫിക് എസിപി രാജാ ഇമാം കാസിം അറിയിച്ചു. ബാനസവാടി സ്റ്റേഷൻ പരിധിയിൽ രാത്രി ജോലിയിലുള്ള ട്രാഫിക് പൊലീസുകാർ തന്നെയായിരിക്കും അതിരാവിലെ ട്രെയിൻ എത്തുമ്പോൾ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കുണ്ടാകുക. നിലവിലുള്ള രണ്ടോ മൂന്നോ ആർപിഎഫ് കോൺസ്റ്റബിൾമാരുടെ സേവനത്തിനു പുറമെയാണിത്.

പുലർച്ചെഎത്തുന്ന യാത്രക്കാർക്കു വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് സൗകര്യം സജീവമായി തുടരുമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഓട്ടോക്കൂലിയെ കുറിച്ചുള്ള അവബോധം നൽകാനായി നിരക്കുകൾ വ്യക്തമാക്കുന്ന ലഘുലേഖയും വിതരണം ചെയ്യും.

മന്ത്രി ജോർജ് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ശങ്കറിനോട് സ്റ്റേഷൻ പരിസരത്ത് രാത്രിവെളിച്ചം ഉറപ്പാക്കാൻ നിർദേശം നൽകി. തുടർന്ന്, ജയ്ഭാരത് നഗർ മെയിൻ റോഡിലെ വഴിവിളക്കുകൾ എല്ലാം കത്തുന്നതായി ഉറപ്പു വരുത്തിയതായി ശങ്കർ അറിയിച്ചു. സ്റ്റേഷനിൽ നിന്നുള്ള ഇടറോഡികളിലെല്ലാം  വരുംദിവസങ്ങളിൽ ബൾബുകളിടും.ഇതു കൂടാതെ യാത്രാദുരിതം കണക്കിലെടുത്ത് പുലർച്ചെ ബാനസവാടി സ്റ്റേഷനിൽനിന്ന് മജസ്റ്റിക്കിലേക്ക് ബസ് സർവീസ് നടത്താൻ ബിഎംടിസി ചെയർമാൻ എം.നാഗരാജ് യാദവിനോടു  മന്ത്രി ജോർജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും നിർദേശിച്ചു.

മന്ത്രി ജോർജിന്റെ മണ്ഡലമായ സർവജ്ഞനഗറിലാണ് ബാനസവാടി റയിൽവെ സ്റ്റേഷൻ. സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് ഒൗദ്യോഗിക കത്ത് രണ്ടു ദിവസത്തിനകം നൽകുന്നതോടെ, സർവീസ് ആരംഭിക്കാനാകുമെന്ന് നാഗരാജ് ഉറപ്പു നൽകി.അതേ സമയം ഇവിടെ ബസ് അനുവദിച്ചാൽ തന്നെ സ്റ്റേഷൻ വളപ്പിലെ നിലവിലുള്ള പാർക്കിങ് സൗകര്യം അപര്യാപ്തമാണെന്ന് ആശങ്കയുണ്ട്. ഇവിടേക്കുള്ള ഇടുങ്ങിയ റോഡുകളാണ് ബസ് സർവീസിനു തടസമാകുന്ന മറ്റൊരു ഘടകം. അതിനാൽ, എറണാകുളം – ബാനസവാടി സൂപ്പർഫാസ്റ്റ് (22607, 12683) ബെംഗളൂരുവിലെത്തുന്ന മൂന്നു ദിവസങ്ങളിൽ മാത്രമായി ബിഎംടിസി സർവീസ് ആദ്യഘട്ടത്തിൽ ചുരുക്കിയേക്കും.

ആർപിഎഫ് സ്ഥലം അനുവദിച്ചാലുടൻ ബാനസവാടിയിൽ ലോക്കൽ പൊലീസിന്റെ സ്ഥിരം എയ്ഡ് പോസ്റ്റ്  സ്ഥാപിക്കാനാകും.  ഇതിനായി സ്ഥലം വിട്ടു നൽകാൻ റയിൽവെ ഡിവിഷനൽ മാനേജരോട് അടുത്ത ദിവസം തന്നെ ആവശ്യപ്പെടും. സ്റ്റേഷനിലെ പ്രശ്നങ്ങൾ സ്ഥിരമായി വിലയിരുത്താൻ ഉദ്യോഗസ്ഥരോടും  നിർദേശിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us