ബെംഗളൂരു : സ്വകാര്യ ചന്ദ്രദൗത്യം നടത്താനിരുന്ന രാജ്യത്തെ പ്രഥമ ബഹിരാകാശ സ്റ്റാർട്ടപ് ടീം ഇൻഡസിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങുന്നു. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻറിക്സ് കോർപറേഷന്റെ സഹായത്തോടെ, ബെംഗളൂരു ആസ്ഥാനമായുള്ള ടീം ഇൻഡസ് ചന്ദ്രോപരിതലത്തിൽ അര കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമായ പര്യടനവാഹനം (റോവർ) ഇറക്കാൻ തയാറെടുക്കുകയായിരുന്നു. മൂന്നു കോടി ഡോളർ സമ്മാനത്തുകയുള്ള ഗൂഗിൾ ലൂണാർ എക്സ് പ്രൈസിന്റെ ഭാഗമാണ് ഈ ദൗത്യം. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ടീമുകളിൽ ഒന്നായിരുന്നു ഇവർ. മാർച്ച് 31നുള്ളിൽ ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റിന്റെ സഹായത്തോടെ ദൗത്യം നടത്താനായിരുന്നു പദ്ധതി.
എന്നാൽ, ഇതിനു വേണ്ടത്ര ഫണ്ട് സ്വരൂപിക്കാനും ക്രിട്ടിക്കൽ ഹാർഡ്‍വെയർ വാങ്ങാനും കഴിയാത്തതാണ് 2016 ഡിസംബറിൽ ആൻറിക്സ് കോർപറേഷനുമായി ഒപ്പുവച്ച കരാർ റദ്ദായതിനു പിന്നിൽ. 10% തുക സർക്കാർ ധനസഹായം ലഭിക്കും. ബാക്കി തുക ഇവർതന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു.
നിലവിലെ സാഹചര്യത്തിൽ പുതിയ വിക്ഷേപണ വാഹനം കണ്ടെത്തുകയെന്നതും അനുവദനീയമായ സമയപരിധിക്കുള്ളിൽ ദൗത്യം നിർവഹിക്കുകയെന്നതും അസാധ്യമാണ്. ഇതാണു ടീം ഇൻഡസിന്റെ ഗൂഗിൾ ലൂണാർ എക്സ് പ്രൈസ് മോഹത്തിനു തടയിട്ടിരിക്കുന്നത്. അതേസമയം, ഇതേ പ്രൈസിൽ പങ്കെടുക്കുന്ന ജപ്പാന്റെ ടീം ഹക്കൂതോയുമായി ചേർന്നു ദൗത്യം നിർവഹിക്കാൻ ടീം ഇൻഡസ് ശ്രമം നടത്തിയെങ്കിലും ഇതും ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്ന സൂചനയാണുള്ളത്. ഇസ്രയേലി ടീമായ സ്പേസ് രണ്ടും ടീം ഇൻഡസ് നേരിടുന്നതുപോലുള്ള സാമ്പത്തിക പ്രതിസന്ധിലാണെന്നു റിപ്പോർട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.