പുതു വർഷത്തിൽ പുതിയ കോച്ച്, കഴിഞ്ഞ കളിയിൽ പുണെയോട് അഞ്ചു ഗോളിന്റെ തോൽവി, ടേബിളിൽ സ്ഥാനം അടിയിൽ നിന്നും രണ്ടാമത്, എന്തുകൊണ്ടും സ്ഥിതി ഗോവയേക്കാളും വളരെ കഷ്ടം; ഇന്നത്തെ മാച്ചിന് മുൻപ് സാഹചര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല നോർത്തീസ്റ്റിനു, അതുകൊണ്ടുതന്നെ ഗോവയുടെ അറ്റാക്കിങ് പവറിനെതിരെ എങ്ങിനെയെങ്കിലും തൊണ്ണൂറു മിനുട്ടു പിടിച്ചുനിൽക്കാനായിരിക്കും പുതിയ മാനേജർ “അവറാം” ശ്രമിച്ചിട്ടുണ്ടാകുക. കഴിഞ്ഞ കളിയിൽ അമ്പേ പരാജയപ്പെട്ട ഹക്കുവിനെ പുറത്തിരുത്തി നിർമൽ ഛേത്രി റൈറ്റ് ബാക്ക് സ്ഥാനത്തു തിരിച്ചെത്തി. മറുവശത്തു, ജയത്തിന്റെ പാതയിലേക്കും അതുവഴി ടോപ് ഫോറിലേക്കും തിരിച്ചുവരാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയായെ ഈ മാച്ചിനെ ഗോവ കണ്ടുകാണൂ. കൊൽകത്തേക്കെതിരെ സമനില വഴങ്ങിയെങ്കിലും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന ടീമിൽ നിന്നും നാല് മെയിൻ പ്ലയേഴ്‌സിനെ മാറ്റിയും അതുൾകൊള്ളാൻ എന്നോണം സ്ഥിരം ഫോർമേഷനിലും ചേഞ്ച് വരുത്തിയും ആണ് ഗോവ ഇന്നിറങ്ങിയത്. എന്നിരുന്നാലും ഇന്ത്യൻ പ്ലയേഴ്‌സിനെ കൊണ്ട് ഡിഫെൻസ് കളിപ്പിച്ചു പരമാവധി ഫോറീനേഴ്‌സിനെ അറ്റാക്കിൽ ഉൾപെടുത്തുക എന്ന തന്ത്രം തന്നെ ആണ് ഗോവ ഇന്നും തുടർന്നത്. എന്നാൽ ഗോവയുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഹൈലാൻഡർസ് ഒന്നിനെതിരെ രണ്ടുഗോളിന്, നോർത്തീസ്റ്റിൽ ആദ്യമായി വിജയക്കൊടി പാറിക്കുകയായിരുന്നു.
തുടക്കത്തിലേ ആക്രമണം പുറത്തെടുത്ത ഗോവ ലീഡ് നേടും എന്ന് ഉറപ്പിച്ച അവസരങ്ങൾ സൃഷിടിച്ചെങ്കിലും പലപ്പോഴും രേഹനേഷിന്റെ കൈകൾ നോർത്തീസ്റ്റിന്റെ രക്ഷക്കെത്തി. ഡിഫെൻസിവ് ഹാഫിനെ അപേക്ഷിച്ചു മുന്നേറ്റ നിരയിൽ നല്ല ക്വാളിറ്റി പ്ലയെർസ് ഉള്ളതുകൊണ്ട്, ബോൾ സ്വന്തം ഹാൾഫിൽ വച്ച് കളിക്കുന്നതിനേക്കാളും കിട്ടുന്നസമയം കൊണ്ട് എതിരാളികളുടെ തട്ടകത്തിലേക്കു ഇരച്ചു കയറുന്ന സ്ഥിരം കളിതന്നെ ആണ് ഗോവ ഇന്നും പുറത്തെടുത്തത്. എന്നാൽ മെയിൻ കളിക്കാർ മാറിയതും ഫോർമേഷൻ ചെയിഞ്ചും അവരുടെ കളിയെ സാരമായി ബാധിച്ചു. ബോക്സിനുള്ളിൽ കോറോയുടെ സാന്നിധ്യം നോർത്തീസ്റ്റ് ക്യാപ്റ്റൻ ഗോൺസാൽവേസിന് മുന്നിൽ നിഷ്പ്രഭം ആയപ്പോൾ പാർട്ണർ ആരാന പലപ്പോളും ബോക്സിനുള്ളിൽ മികച്ച പൊസിഷനുകളിൽ എത്തിച്ചേരാൻ പരാജയപ്പെട്ടു. മറുവശത്തു കിട്ടിയ അവസരങ്ങളിൽ മാർസെനിയോയുടെ നേതൃത്വത്തിൽ നോർത്തീസ്റ്റും ഇടയ്ക്കു വീണുകിട്ടിയ അവസരങ്ങൾ മുതലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഇരുപത്തി ഒന്നാം മിനുട്ടിൽ നോർത്തീസ്റ്റിനു വേണ്ടി മാർസിനോ ലക്‌ഷ്യം കണ്ടു. സെസാരിയോയുടെ ഉയർന്നു വന്ന ക്രോസ്സ് ബോക്സിനുള്ളിൽ മർസെനിയോ നല്ല ഒരു ടച്ചിലൂടെ വരുതിയിലാക്കി തിരിഞ്ഞുതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾ ലൈൻ ക്രോസ്സ് ചെയ്യുകയായിരുന്നു. ഗോവ കളിയിൽ ആധിപത്യം ഉറപ്പിച്ചു വരുന്ന നേരത്തായിരുന്നു അപ്രതീക്ഷിതമായി ഇത് സംഭവിച്ചത്.. തുടർന്ന് ഉണർന്നു കളിച്ച ഗോവ 28 ആം മിനുട്ടിൽ ആരാണയുടെ ഗോളിലൂടെ സമനില തിരിചു പിടിച്ചു. പിന്നീടും നിരന്തരം ആക്രമിച്ചു കളിച്ച ഗോവ നോർത്തീസ്റ്റ് ഡിഫെൻസിനെ ചോദ്യം ചെയ്തുകൊണ്ട് ഇരുന്നു. ഭാഗ്യം കൊണ്ട് ഒരു ഗോളുകൂടി വഴങ്ങാതെ നോർത്തീസ്റ്റ് ഫസ്റ്റ്ഹാഫ് പിടിച്ചു നിന്നു.
ഫസ്റ്റ് ഹാഫിന്റെ തുടർച്ചെയെ അല്ലായിരുന്നു സെക്കന്റ് ഹാഫ്, വേറൊരു ഗോവയെയും നോർത്തീസ്റ്റിനെയും ആണ് പിന്നീട് കളത്തിൽ കണ്ടത്, കുറച്ചു ഉൾവലിഞ്ഞു കളിക്കുന്ന ഗോവയും നല്ലവണ്ണം ഫാസ്റ്റ് അറ്റാക്ക് ചെയ്യുന്ന നോർത്തീസ്റ്റും. അതികം താമസിച്ചില്ല കൌണ്ടർ അറ്റാക്കിൽ മാർസെനിയക്ക് കിട്ടിയ ബോൾ നല്ല ഒരു ത്രൂ ബോളിലൂടെ പിറകിൽ നിന്നും ഓടിക്കയറിയ ഡൗങ്ങേലിനു കൊടുത്തപ്പോൾ കട്ടിമണി മാത്രം ആണ് മുന്നിൽ ഉണ്ടായിരുന്നത്. ഗോൾ ലൈൻ വിട്ടു കയറിവന്ന കട്ടിമണിയുടെ മുകളിലൂടെ ചിപ്പ് ചെയ്തു ഡൗങ്ങേൽ അമ്പത്തി രണ്ടാം മിനുട്ടിൽ നോർത്തീസ്റ്റിനെ മുന്നിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സമനിലേക്കു വേണ്ടി ഒരു ഗോൾ കണ്ടെത്താൻ ലസാറൊട്ടേയും കൂട്ടരും ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് ഡിഫെൻസും രഹനേശും ഇടയിൽ വരികയായിരുന്നു. ഗോവൻ അറ്റാക്ക് തങ്ങളുടെ വരുതിയിൽ ആണെന്ന് വിശ്വസിച്ച നോർത്ത് ഈസ്റ്റ് കോച്ച് അവസാന ഇരുപതു മിനിറ്റോളം കളിക്കാരെ ലീഡ് ഡിഫൻഡ് ചെയ്യാൻ ഉപയോഗിക്കുകയായിരുന്നു. ഗോവൻ കോച്ച് ആകട്ടെ തെറ്റ് തിരുത്തൽ നടപടിയായി സ്ഥിരം കളിക്കാരെ ഫീൽഡിലേക്ക് ഇറക്കി നോക്കിയെങ്കിലും ഫലവത്തായില്ല. ഗോവയ്ക്കു വേണ്ടി സബ്സ്ടിട്യൂറ്റ് ഇറങ്ങിയ മൺവീർ സിങിന് തനിക്ക് ലഭിച്ച രണ്ടു സുവര്ണാവസരങ്ങൾ മുതലാക്കാനും പറ്റാഞ്ഞതോടെ മത്സരം നോർത്തീസ്റ്റിനു സ്വന്തം ആകുകയായിരുന്നു.പലപ്പോഴും നിർഭാഗ്യം കൊണ്ട് മാത്രം കളികൾ തോറ്റ നോർത്തീസ്റ്റിനു പുതിയ കോച്ചിന്റെ കീഴിൽ നല്ല “ഗ്രാന്റ്” തുടക്കം ആണ് കിട്ടിയിരിക്കുന്നത്. മാർസിനോ ആണ്; മറ്റൊരർത്ഥത്തിൽ മാർസിനോ മാത്രമാണ് നോർത്തീസ്റ്റിന്റെ അറ്റാക്കിന്റെ നട്ടെല്ല്, അത് ശരിവക്കുന്നതായിരുന്നു ഹീറോ ഓഫ് ദി മാച്ച് പ്രഖ്യാപനവും.
കളിയുടെ ഭംഗിയിലോ, ഗോളുകളുടെ എണ്ണത്തിലോ, മികവിലോ അല്ലാതെ തന്നെ ഈ സീസണിലെതന്നെ ഒരു “സ്പെഷ്യൽ” മാച്ച് ആയിരുന്നു ഇത്. തന്റേതായ ദിവസങ്ങളിൽ ആർക്കും ആരെയും തോല്പിക്കാം എന്നുള്ളതിന് നല്ല ഒരു ഉദാഹരണം കൂടി ആയിരുന്നു ഇന്നത്തെ മാച്ച്. നാളെ ചെന്നൈക്കെതിരെ ഡെൽഹിക്കും, ബെംഗളുരുവിനെതിരെ കൊൽക്കത്തയ്ക്കും ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ ഇതൊരു പ്രചോദനം ആകും എന്ന് പ്രതീക്ഷിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.