ചെന്നൈക്ക് സമനില , വിജയത്തോടെ ബാഗ്ലൂർ ഒന്നാമത്

പിറന്നാളുകാരന്‍ ജെജെയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം കുറിച്ച ചെന്നൈയിന്‍ എഫ് സി മോഹങ്ങള്‍ക്ക് തിരിച്ചടി. മത്സരത്തിന്റെ 90ാം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് ഡല്‍ഹി ചെന്നൈയുടെ വിജയമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത്. ഇന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ജയം കൈപ്പിടിയിലായെന്ന് കരുതി ആഘോഷിക്കുകയായിരുന്നു ചെന്നൈയിന്‍ ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ഡൈനാമോസിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം 2-2 എന്ന സ്കോറിനു സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു.

കളി തുടങ്ങി ആധിപത്യം ആതിഥേയര്‍ക്കായിരുന്നുവെങ്കിലും കളിയുടെ ഗതിയ്ക്കെതിരെ ആദ്യ ഗോള്‍ നേടിയത് ഡല്‍ഹിയായിരുന്നു. മനോഹരമായൊരു ഹെഡ്ഡര്‍ ഗോളാക്കി മാറ്റി ഡേവിഡ് ഡല്‍ഹിയെ 24ാം മിനുട്ടില്‍ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തില്‍ കാര്യപ്രസക്തമായ ഒന്നും സംഭവിച്ചില്ലെങ്കിലും 42ാം മിനുട്ടില്‍ ജെജെ ഗോള്‍ മടക്കി.
പകുതിയുടെ അവസാനത്തോടെ രണ്ട് തുറന്ന അവസരങ്ങള്‍ ഡല്‍ഹിയ്ക്ക് ലഭിച്ചുവെങ്കിലും ചെന്നൈ അവസരത്തിനൊത്തുയര്‍ന്ന് അവസരങ്ങള്‍ നിഷ്പ്രഭമാക്കുകയായിരുന്നു. ആദ്യ പകുതി 1-1 നു അവസാനിപ്പിച്ചാണ് ഇരു ടീമുകളും മടങ്ങിയത്.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ ജെജെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഗോള്‍ വീണ ശേഷം ഡല്‍ഹി മത്സരത്തില്‍ പിന്നോക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഗോള്‍ മടക്കുവാനുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ ഡല്‍ഹിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

73ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ഗുയോണ്‍ ഫെര്‍ണാണ്ടസ് ആണ് ചെന്നൈ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. മറ്റൊരു പകരക്കാരന്‍ കാലു ഉച്ചേയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടി ഗുയോണ്‍ ചെന്നൈയുടെ മൂന്ന് പോയിന്റ് എന്ന മോഹങ്ങളെയാണ് ഇല്ലാതാക്കിയത്.

 

ഇന്നത്തെ രണ്ടാം മത്സരത്തിൽ ആദ്യ പകുതിയിൽ സുനി ഛേത്രി നേടിയ ഗോളിൽ എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണു ബെംഗളൂരു വിജയം കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ അതെ ടീമിനെ അണിനിരത്തിയാണ് ബെംഗളൂരു മത്സരത്തിന് ഇറങ്ങിയത്. എ.ടി.കെയാവട്ടെ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ റോബിൻ സിംഗിനെ മുൻനിർത്തിയാണ് ടീമിന്റെ ഇറക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ ഇരു ടീമിനുമായില്ല. തുടർന്ന് മത്സരത്തിന്റെ 39ആം മിനുട്ടിലാണ് എ.ടി.കെ പ്രതിരോധം പിളർത്തി ഛേത്രി ഗോൾ നേടിയത്. ഈ സീസണിൽ ഐ.ഈ.എല്ലിൽ കണ്ട മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു ഇത്. 30 വാര അകലെ നിന്ന് ഛേത്രി തൊടുത്ത ഷോട്ട് എ.ടി.കെ ഗോൾ കീപ്പർക്ക്  ഒരു അവസരവും നൽകാതെ വല കുലുക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനം ഗോൾ നിഷേധിക്കുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ഏഴാം സ്ഥാനത്ത് തന്നെയാണ്.

വരുന്ന ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us