ഈമാസം 10 മുതൽ 33 മെട്രോ സ്റ്റേഷനുകളിൽ നിന്നു വാടക ബൈക്കുകൾ ഏർപ്പെടുത്താനാണ് ബിഎംആർസിഎൽ നീക്കം. എല്ലാ സ്റ്റേഷനുകളിൽ നിന്നും ബിഎംടിസി ഫീഡർ ബസുകൾ ലഭ്യമല്ലാത്തതിനാലാണിത്. മെട്രോ യാത്രക്കാർക്കായി 2016ലാണ് മെട്രോ ബൈക്ക് എന്ന കമ്പനി വാടക ബൈക്കുകളുമായി രംഗത്തെത്തിയത്.
എന്നാൽ അന്നു മെട്രോയിൽ യാത്രക്കാർ വളരെ കുറവായിരുന്നതിനാൽ വാടക ബൈക്കുകൾക്കു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ബയ്യപ്പനഹള്ളി ഒഴികെയുള്ള സ്റ്റേഷനുകളിൽ മെട്രോ ബൈക്ക് പ്രവർത്തനം നിർത്തി. കഴിഞ്ഞ ജൂണിൽ നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം മൂന്നരലക്ഷത്തിലെത്തി. എന്നാൽ ഇതനുസരിച്ച് അനുബന്ധ യാത്രാസൗകര്യങ്ങൾ എല്ലാ സ്റ്റേഷനിലും ഒരുക്കാനായില്ല.
ബിഎംടിസി ഫീഡർ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും എല്ലായ്പോഴും സർവീസുകൾ ഇല്ലെന്നതാണ് പോരായ്മ. ഓട്ടോ, കാബ് സർവീസുകൾക്കാകട്ടെ നിരക്കു കൂടുതലും. ഇത്തരം സാഹചര്യത്തിൽ ബൈക്കുകൾ കൂടുതൽ സൗകര്യപ്രദവും സ്വീകാര്യവുമാണെന്നു മെട്രോ ബൈക്ക് അധികൃതർ പറയുന്നു. ഒരു കിലോമീറ്റർ യാത്രയ്ക്ക് അഞ്ച് രൂപയാണ് ബൈക്കിനു വാടക, ഒരു മിനിറ്റിന് 50 പൈസയും.