ചെന്നൈ: തന്‍റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.
സിനിമയിലെ കർത്തവ്യം പൂർത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. തമിഴ് രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ് . അധികാരക്കൊതിയില്ല- ഇതായിരുന്നു സ്റ്റൈല്‍ മന്നന്‍റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനത്തിലെ വാക്കുകള്‍.
അധികാരം മോഹമില്ല. 45ാം വയസില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചതാണ്. 68ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യണം എന്ന ലക്ഷ്യത്തില്‍ മാത്രമാണ്. ജനങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം. ദൈവാനുഗ്രഹവുമുണ്ട്. ഞാന്‍ ഇങ്ങനെ നിന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ വെല്ലുവിളികള്‍ അറിയാമെന്നുംഅതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത് എന്നുമായിരുന്നു ആരാധകസംഗമത്തിന്റെ ആദ്യ ദിനം രജനി പറഞ്ഞത്. യുദ്ധത്തിനിറങ്ങാന്‍ സമയമായെന്നും, ജയം ഉറപ്പാക്കണമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞിരുന്നു.
കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. യുദ്ധത്തിന് ഒരുങ്ങാന്‍ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അതിനുള്ള സമയമായിരിക്കുന്നു. യുദ്ധത്തിനിറങ്ങിയാല്‍ വിജയം നമ്മോടൊപ്പമായിരിക്കണം. അത് ഉറപ്പിക്കേണ്ടത് നിങ്ങളാണ്. അതേപോലെ രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം ‘ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു രജനി അന്ന് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്.