ഗോവയിൽ സീസണിലെ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് മൂന്നു ഗോളിന്റെ പരാജയം ആണ് ഇന്ന് ഏറ്റു വാങ്ങേണ്ടിവന്നത്. ഗോവ താരം കോറോയുടെ സീസണിലെ രണ്ടാമത്തെ ഹാട്രിക്ക് കണ്ട മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്. തുടക്കത്തിലേ തന്നെ ബെർബെറ്റോവിനു പരിക്ക് പറ്റി പിന്മാറേണ്ടി വന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി. ബങ്കളൂരുവിനെ തോൽപിച്ച അതെ ടീമിനെതന്നെ ഗോവ കളത്തിലിറക്കിയപ്പോൾ, അത്ര എളുപ്പമായിരുന്നുല്ല ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ. സസ്പെന്ഷനിൽ ആയ വിനീതും പരിക്കിലായ ഹ്യൂമും ഫുൾ ഫിറ്റ്നസ് ഇല്ലാത്ത വെസ് ബ്രൗണും ഇല്ലാത്ത അന്തിമ ഇലവനിൽ ബെർബയിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ. ബെർബയെ ഹോൾഡിങ് മിഡ് ആക്കി പുതിയ ഒരു ഫോർമേഷനിൽ ആണ് റെനേ ഇന്ന് ബ്ലാസ്റ്റേഴ്സിനെ കളിക്കളത്തിൽ ഇറക്കിയത്, വിനീതിന്റെ സ്ഥാനത്തു ഇരുപതു വയസുകാരൻ ലോകന് ഇടതു വിങ്ങിന്റെ ചുമതല കിട്ടി.
മറ്റു ടീമുകളെ അപേക്ഷിച്ചു ദുർബലമായ ഡിഫെൻസും ഗോൾ ലൈനിൽ കട്ടിമണിയുടെ ഫോമില്ലായ്മയും മുതലാക്കാൻ ഇറങ്ങി തിരിച്ച കേരളത്തിന് പക്ഷെ അഞ്ചാം മിനുറ്റിൽ തന്നെ പരിക്ക് മൂലം ബെർബെറ്റോവിനെ മിലൻ സിങിനെ വച്ച് സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടി വന്നു. ബെർബയെ വച്ച് മാത്രം അറ്റാക്ക് നടത്തുന്ന ബ്ലാസ്റ്റേഴ്സിന് കിട്ടാവുന്നതിൽ ഏറ്റവും വലിയ അടി. എന്നാൽ നാല് ഫോറീനേഴ്സിനെ വച്ച് കളിക്കേണ്ടി വന്നിട്ടും പൊരുതി കളിച്ച ബ്ലാസ്റ്റേഴ്സിനുവേണ്ടി അധികം വൈകാതെ സ്റ്റീഫെനിയോസ് അക്കൗണ്ട് തുറന്നു, ജാക്കിചന്ദ് വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് അളന്നു വിട്ട ബോളിനെ നല്ല ഒരു ഫസ്റ്റ് ടച്ചിൽ നിലത്തിറക്കി സ്റ്റീഫെനിയോസ് വലതുകാലുകൊണ്ടു പായിച്ച ഷോട്ട് കട്ടിമണിയെ കബളിപ്പിച്ചു ഗോൾ ലൈൻ ക്രോസ്സ് ചെയ്തു. കേരളത്തിന്റെയും സ്റ്റെഫിനെയോസിന്റെയും സീസണിലെ രണ്ടാം ഗോൾ. പക്ഷെ കേരളത്തിന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല ഗോവൻ മിഡ്ഫീൽഡർ ലാൻസറൊട്ടെയുടെ ഇരട്ട ഗോളുകൾ (9′, 18′) ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു. ബെർബയുടെ അഭാവത്തിൽ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് യുവ നിര സീസണിലെ ഇതുവരെ കണ്ട മികച്ച അറ്റാക്കിങ് ആണ് ഫസ്റ്റ് ഹാഫിൽ പുറത്തെടുത്തത്. കഴിഞ്ഞ കളികളെ അപേക്ഷിച്ചു സ്വാർത്ഥത കാണിക്കാതെ അവസരങ്ങൾ സൃഷ്ടിക്കാൻ മധ്യനിര ശ്രമിച്ചപ്പോൾ പലപ്പോഴും ഗോവൻ ഡിഫെൻസിനെ തകർക്കാൻ സാധിച്ചു. അതിന്റെ ഒരു തുടർച്ചയെന്നോണം മുപ്പത്തി ഒന്നാം മിനുട്ടിൽ വലതുവിങ്ങിൽ നിന്നും വന്ന ഒരു ജാക്കിചന്ദ് മിലൻ സിംഗ് കോമ്പോ അറ്റാക്ക് കേരളത്തിന് രണ്ടാമത്തെ ഗോൾ നേടിത്തന്നു. തുടർന്നും രണ്ടു ടീമുകളും ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, നാല് ഗോളുകൾ പങ്കിട്ടെടുത്താണ് ടീമുകൾ ഇടവേളയ്ക്കു പിരിഞ്ഞത്.
പക്ഷെ സെക്കന്റ് ഹാഫിൽ ഗോവ ബ്ലാസ്റ്റേഴ്സിനെ അക്ഷരാർത്ഥത്തിൽ നിലം പരിശരാക്കുകയായിരുന്നു. ഗോവൻ താരം കോറോ ഒന്നിന് പിറകെ ഒന്നായി മൂന്നു ഗോളുകൾ (48′, 51′, 55′) കേരളത്തിന്റെ പോസ്റ്റിൽ കയറ്റിയപ്പോൾ, ബ്ലാസ്റ്റേഴ്സ് ഒരു വൻ തോൽവിയിലേക്ക് കൂപ്പു കുത്തുകയാണെന്ന് തോന്നി, പോൾ രാഹുബ്കയുടെ സേവുകളാണ് പിന്നീട് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. ലോകനെ കരണിനെ വച്ചും അരട്ടയെ പ്രശാന്തിനെ വച്ചും സുബ്സ്റ്റിറ്റ്യൂട്ട് ചെയ്തു കൂടുതൽ അറ്റാക്കിങ് കളിയ്ക്കാൻ റെനേ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
ഇന്നത്തെ കളിയിൽ എടുത്തു പറയേണ്ട പ്രകടനം ഗോവൻ മിഡ്ഫീൽഡർ ലസാറോട്ടയുടെ ആണ്, രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലസാറോട്ടയ്ക്കു നിർഭാഗ്യം കൊണ്ട് ഹാട്രിക്ക് ഗോളിനിടയിൽ പോസ്റ്റ് വില്ലനായി, അല്ലെങ്കിൽ ഈ സീസോണിലെത്തന്നെ മനോഹരമായൊരു ഗോൾ നമ്മൾക്ക് കാണാൻ സാധിച്ചേനെ. ഗോളടിക്കുന്നവൻഹീറോ ആകുന്ന അലിഖിത നിയമം ഇന്ത്യൻ സൂപ്പർ ലീഗും പിന്തുടർന്നപ്പോൾ ലസാറോട്ടക്ക് ഹീറോ ഓഫ് ദി മാച്ചും നഷ്ടമായി. എന്തായാലും ഗോവ അർഹിക്കുന്ന വിജയം തന്നെ ആണ് ഇന്നവർക്കു ലഭിച്ചത്. തൊണ്ണൂറു മിനിറ്റും എക്സിറ്റിങ് ഫുട്ബോൾ കളിയ്ക്കാൻ അവർക്കു സാധിക്കുന്നുണ്ടെങ്കിലും ഗോൾ വാങ്ങിക്കൂട്ടുന്ന ഡിഫെൻസും ഗോൾകീപ്പറും കോച്ചിന് തലവേദന തന്നെ ആണ്.
ആദ്യ ജയം പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് അത്ര സുഖകരം അല്ലാത്ത ഒരു റിസൾട്ട് ആണിന്നത്തേത്. അത് മാത്രം അല്ല, ബെർബയെ മാത്രം മുന്നിൽകണ്ട് കളി മെനഞ്ഞ ബ്ലാസ്റ്റേഴ്സിന് ബെർബയുടെ പരിക്ക് മാറിയില്ലെങ്കിൽ ആ റോളിലേക്ക് ആര് എന്ന ചോദ്യത്തിനും ഉത്തരം ഇല്ല. സബ് ലിസ്റ്റിൽ വെസ് ബ്രൗൺ ഉണ്ടായിട്ടും മൂന്നു ഫോറീനേഴ്സിനെ വച്ച് തൊണ്ണൂറു മിനുട്ടും കളിക്കേണ്ടി വന്ന കേരളത്തിന് വെസ് ബ്രൗണിന്റെ ഫിറ്റ്നെസ്സിനെക്കുറിച്ചും ആശങ്കകൾ ഏറുന്നു. എന്തായാലും ഏഴ് ഫോറിൻ പ്ലയേഴ്സിനെ മാത്രം സൈൻ ചെയ്തത് ബ്ലാസ്റ്റേഴ്സിന് തലവേദന ആയി തുടങ്ങി. എന്നാൽ കളി നിയന്ത്രിക്കാൻ ബെർബെറ്റോവ് ഇല്ലാതിരുന്നിട്ടും ഫസ്റ്റ് ഹാഫിൽ ഇതുവരെ കളിക്കാത്ത ഒരു ശൈലിയിൽ നല്ല അറ്റാക്കിങ് പുറത്തെടുക്കാനും രണ്ടു ഗോളടിക്കാനും കളിക്കാർക്ക് കഴിഞ്ഞത് കോച്ചിന് ഒരു ചെറിയ ആശ്വാസം നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.