ഓണക്കാലത്തെക്കാൾ 500 രൂപയിലേറെയാണ് സ്പെഷൽ സർവീസുകൾക്കു കർണാടക അധികമായി ഈടാക്കുന്നത്. കോട്ടയം(1770-1940 രൂപ), എറണാകുളം(1770-1940), തൃശൂർ(1665–1831), പാലക്കാട്(1608), കോഴിക്കോട്(1155 രൂപ) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് നിരക്ക്. ഇതേ സ്ഥലങ്ങളിലേക്കു ട്രെയിനിലെ തേഡ് ക്ലാസ് എസിയിൽ യഥാക്രമം 1000 രൂപ, 955, 875, 755, 885 എന്നിങ്ങനെയാണ് നിരക്ക്. ക്രിസ്മസിനു മുൻപുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്തതും കേരള ആർടിസി സേലം വഴി സ്പെഷൽ അനുവദിക്കാത്തതുമാണ് ഉയർന്ന നിരക്കിലുള്ള കർണാടക ബസുകളെ ആശ്രയിക്കാൻ യാത്രക്കാരെ നിർബന്ധിതരാക്കുന്നത്.
ക്രിസ്മസിനു ബെംഗളൂരുവിൽ നിന്നുള്ള കൂടുതൽ സ്പെഷലുകൾ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. നാളെ തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നു കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. ബാബു പറഞ്ഞു. ഡിസംബർ 21 മുതൽ 24 വരെയായി 32 സ്പെഷലുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. തെക്കൻ കേരളത്തിലേക്കുള്ള സ്പെഷലുകളെല്ലാം മൈസൂരു വഴി ആയതിനാൽ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിട്ടില്ല. സ്പെയർ ബസുകളുടെ അഭാവമാണ് സേലം വഴി സ്പെഷൽ അനുവദിക്കാൻ തടസ്സമെന്ന് അധികൃതർ പറയുന്നു. ക്രിസ്മസിനു സേലം വഴി സ്പെഷൽ ഉണ്ടാകുമോ എന്നു നാളെ ചേരുന്ന യോഗത്തിലേ വ്യക്തമാവുകയുള്ളൂ.