വാർദ്ധക്യമൊരു തിരിച്ചറിവ്…

അപ്പൂപ്പാ… കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം… ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു… കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ…. സന്തോഷം കൊണ്ടു ഫോണിൽ കൂടി തുരുതുരാ മുത്തം നൽകി അവനെന്നെ വീർപ്പുമുട്ടിച്ചു..

ഒരു നിമിഷം ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു ആ കുഞ്ഞിന്റെ നിഷ്ക്കളങ്ക സ്നേഹത്തിനു മുൻപിൽ… അപ്പായും അമ്മായും എന്തിയേ… അപ്പൂപ്പന് അവരോടൊന്നു സംസാരിക്കണം.. മോൻ ഫോൺ ഒന്നു കൊടുക്കാമോ.. ഞാൻ ചോദിച്ചു. അവരാരും ഇവിടില്ല അപ്പൂപ്പാ.. ആരും ഇല്ലാത്ത നേരത്തു ആരും കാണാതെയാണ് ഞാൻ അപ്പൂപ്പനെ വിളിക്കുന്നെ.. മോനൂനു കൊതിയായി അപ്പൂപ്പനോട് മിണ്ടാൻ.. പറഞ്ഞു തന്ന കഥകളൊക്കെ മോനു മറന്നൂ ട്ടോ.. പാട്ടൊന്നും ഓർമ്മയില്ല. സങ്കടം വരുമ്പോൾ അപ്പൂപ്പന്റെ പഴയ ഫോട്ടോ എടുത്തു നോക്കും.. അതു മാത്രേ മോനൂന്റെ കയ്യിലിപ്പോ ഉള്ളൂ.. റൂമിലെ ഷെൽഫിൽ ആരും കാണാതെ ഞാനത് ഒളിച്ചു വച്ചിരിക്കയാ…ഇവിടാരും അപ്പൂപ്പനെ കുറിച്ച് ഒന്നും സംസാരിക്കില്ല… ഞാൻ ചോദിച്ചാൽ എന്നോട് ദേഷ്യപ്പെടും…. എന്താ അപ്പൂപ്പാ എല്ലാരും ഇങ്ങനെ… അപ്പൂപ്പൻ ഭക്ഷണം ഒക്കെ കഴിച്ചോ.. എന്നാ മോനൂനെകാണാൻ വരുന്നേ.. നാരങ്ങ മിട്ടായി വാങ്ങി തരണേ.. അപ്പൂപ്പനെ എന്നും മോനൂന് കാണാൻ തോന്നുവാ.. വാതോരാതെ ഉണ്ണിക്കുട്ടൻ മിണ്ടിക്കൊണ്ടിരിക്കുമ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..

ഉള്ളിലടക്കി പിടിച്ച സങ്കടം അത്രയും ഒരു പൊട്ടിക്കരച്ചിലാവും മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.. ഉണ്ണിക്കുട്ടന് സങ്കടായി കാണും.. അവന്റെ വിശേഷങ്ങളൊന്നും ഞാൻ ചോദിച്ചില്ല..ആ ഇളംമനസ്സു നൊന്തു കാണുമോ…. വിസിറ്റിംഗ് റൂമിൽ തളർന്നിരിക്കുന്ന എന്റടുത്തു വന്നിരുന്നു രാഘവേട്ടൻ പതിയെ കൈകൾ എന്റെ തോളത്തിട്ടു.. എല്ലാം കണ്ടും കേട്ടും കഴിഞ്ഞു പുള്ളി.. നീ എന്തിനാ പദ്മനാഭാ ഈ കരയണെ.. മാത്രവും അല്ലാ ആ കൊച്ചിനെ കൂടി കരയിച്ചു കാണും.. ഇനി നിനക്ക് കരയണം എന്നാണേൽ വാ റൂമിലേക്ക് പോവാം.. ഇവിടിരുന്നു എല്ലാരേം കാണിക്കേണ്ട.. ഞാൻ പതിയെ എണീറ്റു. റൂമിലെത്തിയ എന്നെ ചിരിപ്പിക്കാനും ഈ മൂഡ് ഒന്നു മാറ്റിയെടുക്കാനും രാഘവേട്ടൻ ഓരോ കോമഡി ഒക്കെ പറയുന്നുണ്ട്… പുള്ളി മുൻ ഡിജിപി ആണ്.. എത്ര വലിയവനായാലും അവസാനം ഇവിടെ തന്നെ ശരണം.. പാവം.. എന്നെ സന്തോഷിപ്പിക്കാൻ രാഘവേട്ടൻ പറയുന്നതൊന്നും എന്റെ മനസ്സ് കേൾക്കുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഞാൻ ഒന്നു മയങ്ങട്ടെ രാഘവേട്ടാന്നും പറഞ്ഞു ആ കട്ടിലിലേക്ക് കിടന്നു.. എന്നാ ശരി അങ്ങനെയാവട്ടെ എന്നും പറഞ്ഞു പുള്ളി പോയി….

അല്ലെങ്കിൽ തന്നെ ഒരേ തുലാസിൽ ആടുന്ന ജീവിതല്ലേ ഇവിടെല്ലാർക്കും…വാർദ്ധക്യമെന്ന കൂരിരുട്ടിൽ പെട്ടു അന്ധതയെ ശപിച്ചു കഴിയുന്നവരല്ലേ ഇവിടെയുള്ള എല്ലാരും… എന്തു പറഞ്ഞാ പരസ്പരം ആശ്വസിപ്പിക്കുന്നെ.. പഴയ ചില കാര്യങ്ങൾ ഓരോന്നും ഓർത്തു പോവാ ഞാൻ… നെഞ്ചിനൊരു വേദന പോലെയുണ്ട്..സഹിക്കാൻ പറ്റാതാവുന്നു.. ഓരോന്നാലോചിക്കുമ്പോ വേദനിക്കാതിരിക്കുവോ… രാമല്ലൂർ ഗ്രാമത്തിൽ സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച ഒരേയൊരാൾ ഞാനായിരുന്നു.. സന്തുഷ്ടമായ കുടുംബം. ഭാര്യയും കാത്തു കാത്തിരുന്നു ആറ്റുനോറ്റു ഉണ്ടായ ഒരേയൊരു മകനും.. സ്നേഹം കൊണ്ടു നന്മ നിറഞ്ഞൊരു വീട്.. ധാരാളം സ്വത്തുക്കൾ, കൂട്ടുകാർ, കുടുംബക്കാർ.. എല്ലാം കൊണ്ടും എല്ലാം തികഞ്ഞവൻ.. ഭവാനി വിട്ടു പോയപ്പോൾ മകനു വേണ്ടി മാത്രമുള്ളൊരു ജീവിതമായിരുന്നു പിന്നീട്..

ആവോളം അവനെ സ്നേഹിച്ചു.. പൊന്നു പോലെ വളർത്തി.. പഠിപ്പിച്ചു.. അവന്റെ ആഗ്രഹം പോലെ തന്നെ അവൻ ഡോക്ടർ ആയി… ആഗ്രഹിക്കുന്നതെന്തും ഞാനവന് സ്വന്തമാക്കി കൊടുത്തു.. കൂടെ പഠിച്ച പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജാതിയും മതവും നോക്കാതെ മറ്റു കുടുംബക്കാരുടെ എതിർപ്പു നോക്കാതെ സന്തോഷത്തോടെ അവരുടെ കല്യാണം നടത്തി കൊടുത്തു… ഒരച്ഛന്റെ എല്ലാ കടമകളും സ്നേഹത്താൽ ഞാൻ നിറവേറ്റി കൊടുത്തു… എന്റെ പേരിലുള്ളതത്രയും സ്വത്തുക്കളും മറ്റും അവന്റെ ഭാര്യയുടെ ആവശ്യം ആണെന്നറിഞ്ഞിട്ടും ഞാൻ അവർക്കു നൽകി…പക്ഷേ മനസ്സിലാക്കാൻ വൈകി പോയി.. അവന്റെ സ്വപ്നങ്ങൾ അത്രയും നേടിക്കൊടുത്തു കൊണ്ടിരുന്നപ്പോഴും ഞാനറിയാതെ അവനെന്നിൽ നിന്നും അകലുകയായിരുന്നു.. അവസാനം അച്ഛന്റെ ശീലങ്ങളും പഴക്കങ്ങളും ഒന്നും ഇഷ്ട്ടപെടാതിരുന്ന അവന്റെ ഭാര്യയ്ക്ക് മുൻപിൽ സ്വന്തം അച്ഛനെ രക്ഷിക്കാൻ മകൻ ഒരുപായം കണ്ടെത്തി… വൃദ്ധസദനം… കുറച്ചു കൂടി ഡെക്കറേഷനിൽ പറഞ്ഞാ വയോധികന്മാരുടെ പൂന്തോട്ടം…. പേരക്കിടാവിന്റെ സ്നേഹംപോലും എനിക്ക് നിഷേധിച്ച അവിടുന്ന് അപ്പോൾ അവരുടെ ആഗ്രഹം പോലെ ഇറങ്ങി കൊടുക്കാനേ തോന്നിയുള്ളൂ…

ആർക്കും ശല്യമാവരുത് ഇനിയുള്ള ജീവിതം… പടിയിറങ്ങുമ്പോ ഉണ്ണിക്കുട്ടൻ മാടി വിളിക്കുന്നുണ്ടായിരുന്നു എന്നെ.. അത്ര പോലും എന്റെ ചോരയിൽ പിറന്ന ഞാൻ മതിയാവോളം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകനു തോന്നിയില്ല.. നെഞ്ച് പൊട്ടുന്ന വേദനയോടെ അന്നിറങ്ങിയതാ ആ പടികൾ .. ശേഷം ഇതുവരെ ആരെയും കണ്ടിട്ടില്ല.. അന്ന്വേഷിച്ചും ആരും വന്നില്ല… തിരിച്ചു ചെന്നാൽ കിട്ടുന്ന അവഗണന ഓർത്തു പോയതും ഇല്ല.. ഒടുവിൽ ഇന്നു എന്റെ ഉണ്ണിക്കുട്ടൻ എന്നെ വിളിച്ചു.. അവന്റെ സ്നേഹം ഒരിക്കൽക്കൂടി അറിയാൻ കഴിഞ്ഞു.. ഒരു പുഞ്ചിരി എന്നിൽ നിറഞ്ഞു.. ഞാൻ ഉറക്കത്തിലേക്കു വഴുതി വീഴും പോലെ തോന്നി… ചുറ്റുമുള്ളതൊക്കെയും ഒരു മായാലോകം പോലെ തോന്നിക്കുന്നു… എന്റെ കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം അടഞ്ഞു പോയിരിക്കുന്നുവോ… എഴുന്നേൽക്കാൻ ശ്രമിക്കാൻ പോലും കഴിയാത്ത വിധം ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു.. പദ്മനാഭാ നീ എണീക്കുന്നില്ലേ, പദ്മനാഭാ… രാഘവേട്ടന്റെ സ്വരം… നേരം സന്ധ്യ ആവാറായി.. പ്രാര്ഥനയ്ക്കുള്ള നേരായല്ലോ.നീ ഇപ്പോഴും കിടക്കാതെ ഒന്നെണീറ്റു വന്നേ… രാഘവേട്ടൻ കുലുക്കി വിളിച്ചിട്ടും ഞാൻ എണീറ്റില്ല.. അപ്പോഴും കണ്ണുകളടച്ചു കിടക്കുകയാണ്.. എന്റെ ചുറ്റും ആളുകൾ കൂടി.. എല്ലാർക്കും വെപ്രാളം.. മുഖത്താരോ വെള്ളം കുടയുന്നുണ്ട്.. ആരോ ഒരാളെൻറെ ശ്വാസമിടിപ്പു നോക്കുന്നു.. അതേ എന്റെ ശ്വാസം നിലച്ചിരുന്നു.. കൈകൾ നിശ്ചലമായി തീർന്നു….. കഴിഞ്ഞൂന്നാ തോന്നുന്നേ.. രാഘവേട്ടനും ബാലൻ നമ്പ്യാരും പറയുന്നേ ഞാൻ കേട്ടു.. എല്ലാരിലും മൂകമായൊരു നിശബ്ദത…. അമേരിക്കയിലുള്ള മകനെ വിളിച്ചറിയിക്കണ്ടേ.. ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്തേ വേഗം.. ഇടറിയ സ്വരത്താലാണ് രാഘവേട്ടൻ പറഞ്ഞൊപ്പിച്ചത്… കുറച്ചു കഴിഞ്ഞപ്പോൾ വക്കീൽ ചന്ദ്രൻ പറയുന്നുണ്ടാർന്നു… പദ്മനാഭേട്ടന്റെ മകൻ അവിടെ അമേരിക്കയിൽ തെരക്കായത് കൊണ്ടു വരാൻ പറ്റില്ല ചടങ്ങിനുള്ള പൈസ അയക്കാന്നു പറഞ്ഞെന്നു..

ലേഖിക.

ഇതു കേട്ടതോടെ രാഘവേട്ടൻ കരഞ്ഞു തുടങ്ങി… അവിടെ കൂടി നിൽക്കുന്ന എല്ലാരിലും ദുഃഖം നിഴലിക്കുന്നുണ്ട് . അവസാന നിമിഷം പോലും കൂടെയുണ്ടായത് ജന്മം കൊണ്ടു ബന്ധമുള്ളവരല്ല.. ഒരിറ്റു കണ്ണീർ എനിക്ക് വേണ്ടി തന്നത് ഞാൻ ജന്മം നൽകിയ മകനോ കൂടപ്പിറപ്പുകളോ അല്ല…. നാളെയൊരു പക്ഷെ എനിക്ക് ചുറ്റും കൂടിയവരുടെ വിധിയും ഇതു പോലെയാവാം… എന്നാലും ശപിക്കപ്പെട്ട ഈ വൃദ്ധനു ഒരു പ്രാർത്ഥനയേയുള്ളു… നാളെ എന്റെയീ ഗതി ഉണ്ണിക്കുട്ടനാൽ എന്റെ മകനും വരരുതേ… ജീവിതം മാറി മറിയുമ്പോൾ സ്വന്തം സുഖത്തിനും സന്തോഷത്തിനുമിടയിൽ അച്ഛൻ ഒരു അധികപ്പറ്റാണെന്നു ഉണ്ണിക്കുട്ടനും തോന്നരുതേ…… വാർദ്ധക്യത്തിന്റെ അവശതയിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു തലമുറയുടെ കണ്ണിയായ് എന്റെ ഉണ്ണിക്കുട്ടനും ഉണ്ടാവരുതേ…. ഞാൻ പൂർണ്ണമായും ഇല്ലാതായി തീർന്നിരിക്കുന്നു… എന്നെ സ്നേഹിച്ച എന്റെ ഉണ്ണിക്കുട്ടന്റെ മധുരശബ്ദം ശ്രവിച്ച ആശ്വാസത്തോടെ ഞാൻ ഈ തടവറയിൽ നിന്നും മോചിക്കപ്പെട്ടിരിക്കുന്നു….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us