നഗരത്തിലെ പ്രധാനയിടങ്ങൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിക്ക് 80.18 കോടി രൂപയാണു വകയിരുത്തിയത്. എംജി റോഡ്, ഇന്ദിരാനഗർ, എച്ച്ആർബിആർ ലേഔട്ട്, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ബാനസവാടി, കാച്ചരക്കനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലാണു ട്രിൻ–ട്രിൻ ഷെയർ സൈക്കിളുകൾ ലഭിക്കുക. സൈക്കിൾ യാത്ര പ്രോൽസാഹിപ്പിക്കാൻ ഇതിനകം ഇരുപതോളം ‘സൈക്കിൾ ഡേയ്സ്’ സംഘടിപ്പിച്ച എച്ച്എസ്ആർ ലേഔട്ടിൽ ട്രിൻ–ട്രിൻ പദ്ധതിക്കു വലിയ സ്വീകാര്യത ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.
ജൂണിൽ മൈസൂരുവിൽ ആരംഭിച്ച ട്രിൻ–ട്രിൻ സൈക്കിൾ ഷെയറിങ്ങിൽ 48 ഡോക്കിങ് സ്റ്റേഷനുകളിലായി 450 സൈക്കിളുകളാണു വാടകയ്ക്കു നൽകുന്നത്. എന്നാൽ ഇവിടത്തെക്കാൾ വാഹനത്തിരക്കു വളരെ കൂടുതലുള്ള ബെംഗളൂരുവിൽ ആറായിരത്തോളം സൈക്കിളുകളാണ് ഇറക്കുക. ബെംഗളൂരുവിൽ സൈക്കിളുകളുടെ വാടക നിരക്കു നിശ്ചയിച്ചിട്ടില്ല. മൈസൂരുവിൽ ആദ്യ ഒരു മണിക്കൂർ സൗജന്യമാണ്. പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ വീതം ഈടാക്കും.