ബെംഗളൂരു : കേരളത്തിന്റെ വികസനത്തിൽ മറുനാടൻ-പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേരള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികളെ ലഭിച്ചേക്കും. രാജ്യത്തിനകത്ത് കർണാടകയിൽ നിന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ പ്രാതിനിധ്യം തീരുമാനിച്ചത്.
അംഗങ്ങളിൽ പ്രവാസി തിരിച്ചറിയൽ കാർഡുള്ള 500 സംഘടനാ പ്രതിനിധികൾക്കു മുൻഗണന ലഭിക്കുമെന്നാണു സൂചന. 2018ൽ ആകും ആദ്യ കേരള സഭ നടക്കുക. പ്രവർത്തനത്തിനു നോർക്ക കരടു രേഖ തയാറാക്കി. അടുത്തമാസം ഇതു മന്ത്രിസഭ പരിഗണിക്കുന്നതോടെ അന്തിമ രൂപമാകും. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) സർവേ പ്രകാരമാണു വിവിധ രാജ്യങ്ങളിലെയും സംസ്‌ഥാനങ്ങളിലെയും മലയാളികളുടെ ജനസംഖ്യ കണക്കാക്കിയിരിക്കുന്നത്.
ഇതുപ്രകാരം യുഎഇക്കാകും ഏറ്റവും കൂടുതൽ പ്രതിനിധികളെ ലഭിക്കുക-40. സൗദി അറേബ്യയിൽനിന്ന് 26 പേരുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രാതിനിധ്യം ഇപ്രകാരം: തമിഴ്നാട് (12), മഹാരാഷ്ട്ര ( ഒൻപത്), ഡൽഹി (നാല്), ആന്ധ്രപ്രദേശ് (മൂന്ന്), ഗുജറാത്ത് (രണ്ട്).
ലോക കേരള സഭ എന്നാൽ ?
ലോക കേരള സഭയിൽ എംഎൽഎമാരുൾപ്പെടെ 300 പേരുണ്ടാകും.കാലാവധി അഞ്ചു വർഷം. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും യോഗം ചേരും. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി പ്രവർത്തനങ്ങൾ വിലയിരുത്തും. ധന സെക്രട്ടറിയും നിയമ സെക്രട്ടറിയും അംഗങ്ങളായിരിക്കും. പ്രാഥമിക ചെലവുകൾക്കായി സർക്കാർ 4.5 കോടി വകയിരുത്തും. കേരള സഭയുടെ ഏകോപനത്തിനായി നോർക്ക റൂട്ട്സ് സിഇഒയുടെ നേതൃത്വത്തിൽ കേന്ദ്ര സമിതി രൂപീകരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.