സമ്പൂർണ വിഷുഫലം-2017

ഈ വര്‍ഷത്തെ വിഷു പിറക്കുന്നത് വിശാഖം മൂന്നാംപാദത്തിലാണ്. 2017 ഏപ്രില്‍ 14 
ന് രാത്രിയില്‍ 02.04.05 മിനിറ്റിന് (ഗണനം: കൊല്ലം ജില്ല) മകരം രാശിയില്‍ 
കറുത്തപക്ഷത്തില്‍ തൃതീയ തിഥിയില്‍ പശുക്കരണത്തില്‍ വിഷു പിറക്കുന്നു.

വിഷുസംക്രമ സമയംകൊണ്ട് നാടിന് ഗുണവും നക്ഷത്രവും തിഥിയും കൊണ്ട് നാടിന് 
ഗുണദോഷസമ്മിശ്രവും സുരഭിക്കരണത്താല്‍ ഗുണവും രാശിയാല്‍ (തുലാക്കൂര്‍) 
ഗുണഫലവും വരുന്നതാണ്.

വിഷുഫലം പൊതുവെ ഒരുവര്‍ഷത്തെ ഫലമായി കാണാവുന്നതാണ്. എന്തെന്നാല്‍ 1192 
വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും മലയാളവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയിരുന്നത് 
മേടവിഷു മുതലായിരുന്നു. 

ദശാപഹാര കാലവും ചാരവശാല്‍ ശനിയും വ്യാഴവും മോശമായി നില്‍ക്കുന്നവര്‍ക്ക് 
വിഷുസംക്രമവും മോശമായി ഭവിച്ചാല്‍ തീര്‍ച്ചയായും ദോഷപരിഹാരങ്ങള്‍ 
അനുഷ്ഠിക്കുകതന്നെ ചെയ്യണം. 

വിഷുസംക്രമം ഏറ്റവും ദോഷപ്രദം:

ചോതി, വിശാഖം, അനിഴം. അതില്‍, വിശാഖം നക്ഷത്രക്കാര്‍ക്ക് വളരെ 
പ്രതികൂലമാകയാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് ശനിയോ വ്യാഴമോ ചാരവശാല്‍ 
പ്രതികൂലവും ആകയാല്‍ ദോഷപ്രദമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലിനും 
പല്ലിനും കേടുപാടുകള്‍ സംഭവിക്കുകയോ മറിഞ്ഞുവീഴുകയോ ചെയ്യാനുള്ള സാദ്ധ്യതയും 
ഉള്ളതിനാല്‍ ശ്രദ്ധവേണം. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. നിത്യപ്രാര്‍ത്ഥന 
മുടക്കരുത്.

വിഷുസംക്രമം ദോഷപ്രദം:

ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, തിരുവാതിര, പുണര്‍തം, പൂയം. ഇതില്‍ പൂരുരുട്ടാതി 
അവസാന പാദം, ഉതൃട്ടാതി, തിരുവാതിര, പുണര്‍തം എന്നിവര്‍ക്ക് വ്യാഴമോ ശനിയോ 
പ്രതികൂലവും ആകയാല്‍ പ്രത്യേക ശ്രദ്ധയും  പ്രാര്‍ത്ഥനയും ആവശ്യമാകുന്നു.

വിഷുസംക്രമം പൊതുവെ ഗുണപ്രദം:

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, രേവതി, അശ്വതി, ഭരണി, 
കാര്‍ത്തിക, രോഹിണി, മകയിരം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര. 
ഇതില്‍ കന്നിക്കൂറുകാരായ ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാര്‍ക്ക് 
വ്യാഴ-ശനിദോഷങ്ങളുടെ കാഠിന്യം കുറയുകയും ചെയ്യും. 

വിഷുഫലം: ഗുണം, ദോഷം, പരിഹാരം:

ചോതി, വിശാഖം, അനിഴം (ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നവയാണ്)

ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ദോഷപ്രദമാകുന്നു. അതില്‍ 
വിശാഖം നക്ഷത്രക്കാര്‍ക്ക് ആയിരിക്കും വിഷുഫലം കൂടുതല്‍ ദോഷപ്രദമായി 
അനുഭവത്തില്‍ വരുന്നത്. 

ഇവര്‍ക്ക് സാമ്പത്തിക നഷ്ടമോ വ്യാപാരത്തില്‍ പരാജയമോ സംഭവിക്കും. 
തൊഴില്‍പരമായി മോശം കാലമാകുന്നു. പുതിയ ജോലി ലഭിക്കാതെ കയ്യിലുള്ള ജോലി 
നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു. ഗൃഹനിര്‍മ്മാണം മന്ദഗതിയിലോ 
നിര്‍ത്തിവെക്കേണ്ടതായോ വരുന്നതായിരിക്കും. രോഗവും ചികിത്സയും കൂടെക്കൂടെ 
ഉണ്ടാകും. മോശം കൂട്ടുകെട്ടുകളില്‍ നിന്നും അപമാനവും സംഭവിക്കും. വാഹനങ്ങള്‍ 
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. മറിഞ്ഞുവീഴാനുള്ള സാദ്ധ്യത, പല്ലിനോ 
എല്ലിനോ ക്ഷതം എന്നിവയ്ക്കും സാദ്ധ്യത കൂടുതലാകുന്നു. 

കര്‍ക്കിടകം, ചിങ്ങം, ധനു, മീനം മാസങ്ങള്‍ ഒരുപക്ഷെ ഗുണപ്രദവും ആയേക്കാം. 
തീര്‍ച്ചയായും ഇവര്‍ ഒരുവര്‍ഷക്കാലം ദോഷപരിഹാരം ചെയ്യേണ്ടതാകുന്നു. 

മഹാവിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നക്ഷത്രദിവസങ്ങളില്‍ 
രാജഗോപാലാര്‍ച്ചന, നെയ്യ് വിളക്ക്, തുളസിമാല എന്നിവ നല്‍കി പ്രാര്‍ഥിക്കുന്നതും 
നിത്യവും ഭക്തിയോടെ മഹാസുദര്‍ശനമന്ത്രം ജപിക്കുന്നതും ശുഭപ്രദമായിരിക്കും.
 
 
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം (ആദിഷള്‍ക്കത്തില്‍ 
വരുന്നവയാണ്)

മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ ആദിഷള്‍ക്കത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് അടുത്ത 
വിഷുവരെയും ശുഭപ്രദമായിരിക്കും. കുടുംബത്ത് മംഗളകര്‍മ്മങ്ങള്‍ നടക്കും. ആരോഗ്യാദി 
അഭിവൃദ്ധി, കുടുംബസമാധാനം, സാമ്പത്തിക ഐശ്വര്യം, രാജകീയ 
ബഹുമാനസ്ഥാനപ്രാപ്തി (സര്‍ക്കാര്‍ തൊഴില്‍ഭാഗ്യം) എന്നിത്യാദി സല്‍ഫലങ്ങള്‍ 
അനുഭവത്തില്‍ വരും. പുതിയ വാഹനങ്ങള്‍, വിദേശയാത്ര എന്നിവയും ഫലത്തില്‍ 
വരുന്നതാണ്.

ഇവരുടെ ശനിദോഷം, വ്യാഴദോഷം എന്നിവയ്ക്ക് ഒരുപരിധിവരെയും സമാധാനവും 
ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും കാലം അനുകൂലമാകുന്നു. 
 
സന്താനങ്ങളില്‍ നിന്നും സന്തോഷവും സഹായവും പ്രതീക്ഷിക്കാവുന്നതാണ്. 
വാഹനസംബന്ധമായി ഭാഗ്യവും ലാഭവും, ഗൃഹനിര്‍മ്മാണം, പുതിയ വസ്തുവകകളുടെ 
ലാഭകരമായ ക്രയവിക്രയം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. പുതിയ തൊഴില്‍ 
ലഭിക്കും.
 
വിദ്യാര്‍ത്ഥികള്‍ക്കും കാലം പൊതുവെ അനുകൂലമാകുന്നു. 

ഇവരൊക്കെയും സാധാരണ ചെയ്തുവരുന്ന വഴിപാടുകള്‍ മാത്രം ചെയ്‌താല്‍ മതിയാകും. 
മറ്റ് വഴിപാടുകള്‍ യാതൊന്നും ആവശ്യമില്ല.

 
ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി (ഈ നക്ഷത്രങ്ങള്‍ മദ്ധ്യശൂലത്തില്‍ വരുന്നവയാണ്)
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ മദ്ധ്യശൂലത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് അടുത്ത 
വിഷുവരെയും അനുകൂലപ്രദമായിരിക്കില്ല. കുടുംബ സംബന്ധമായി തര്‍ക്കങ്ങളോ 
നഷ്ടങ്ങളോ സംഭവിക്കും. വാഹനസംബന്ധമായ നഷ്ടങ്ങളോ അപകടങ്ങളോ 
സംഭവിക്കാമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. അപമാനവും രോഗപീഡയും 
സംഭവിക്കാന്‍ ന്യായം കാണുന്നു. 

കൂട്ടുകച്ചവടത്തിലൂടെ ധനനഷ്ടം സംഭവിക്കാന്‍ സാദ്ധ്യത കൂടുതലാണ്. ബാങ്കുകള്‍, 
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടെ നിന്നും തിരിച്ചടിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് 
കാലം പ്രതികൂലം. അപരിചിതരോട് തര്‍ക്കത്തിന് പോകരുത്. രാഷ്ട്രീയത്തില്‍ തീവ്രമായ 
നിലപാടുകള്‍ സ്വീകരിക്കരുത്. 

ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന, മഹാവിഷ്ണുവിന് നെയ്‌വിളക്ക്, സര്‍പ്പങ്ങള്‍ക്ക് 
യഥാശക്തി വഴിപാട്, മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നല്‍കി 
പ്രാര്‍ത്ഥിക്കുന്നത് ശുഭപ്രദമായിരിക്കും. അല്ലെങ്കില്‍ മൃത്യുഞ്ജയ മന്ത്രജപം, മഹാസുദര്‍ശന
മന്ത്രജപം എന്നിവ ഭക്തിയോടെ ജപിക്കേണ്ടതാണ് 
 
രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം: (ഇവ മദ്ധ്യഷള്‍ക്കത്തില്‍ 
വരുന്നവയാണ്

മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ മദ്ധ്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്കൊക്കെയും വിഷുഫലം 
ഗുണപ്രദമായിരിക്കും. ഉദ്യോഗത്തില്‍ സ്ഥാനപ്രാപ്തി, അധികാരം, സമ്പല്‍സമൃദ്ധി, 
ദാമ്പത്യസൗഖ്യം, വസ്തുവകകളോ ഭവനമോ വാങ്ങാനുള്ള ഭാഗ്യം തുടങ്ങിയ 
സല്‍ഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. ഏറെക്കാലമായി മനസ്സില്‍ ആഗ്രഹിച്ച 
കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും കാലം 
അനുകൂലം.

സിനിമാരംഗത്തുള്ളവര്‍ക്ക് അനുകൂലമായ കാലം. സാമൂഹ്യരംഗങ്ങളിലും കലാരംഗത്തും 
പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ നേട്ടങ്ങള്‍ വന്നുചേരും. 
പിണങ്ങിക്കഴിഞ്ഞിരുന്നവരൊക്കെയും തിരികെയെത്തുന്നതുകണ്ട് അതിശയിക്കും. മനസ്സില്‍ 
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും വിജയത്തിലെത്തിക്കും. 
വിദേശയാത്ര, സന്താനഭാഗ്യം, സാമ്പത്തികഗുണം എന്നിവയും ഫലത്തില്‍ വരുന്നതാണ്.
 
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം - ആദ്യപാദം എന്നിവര്‍ക്ക് ശനിദോഷവും ഉള്ളതിനാല്‍ 
ശാസ്താപ്രീതികര്‍മ്മങ്ങള്‍ കൂടുതല്‍ ഗുണപ്രദവുമാകും.
 
ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന, ഗ്രാമക്ഷേത്രത്തില്‍ ഭാഗ്യസൂക്തപുഷ്പാഞ്ജലി, 
നെയ്യ്-വിളക്ക് എന്നിവ നല്‍കി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.
 
തിരുവാതിര, പുണര്‍തം, പൂയം: (ഇവ അന്ത്യശൂലത്തില്‍ വരുന്നവയാണ്).

മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ അന്ത്യശൂലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ക്ക് കഷ്ടതകള്‍ 
കൂടുതലായി വരുന്നതാണ്. ഇവരില്‍ പലര്‍ക്കും ശനിദോഷം, വ്യാഴദോഷം എന്നിവയും 
ഉള്ളതിനാല്‍ കഷ്ടതകള്‍ കൂടുതലായി അനുഭവത്തില്‍ വരും. ജന്തുക്കള്‍, പക്ഷികള്‍, അഗ്നി, 
ആയുധങ്ങള്‍ എന്നിവയുമായി അടുത്തിടപെടുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം, 
അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. 

അസുഖങ്ങള്‍ നിരവധിയുണ്ടാകും. ത്വക്ക്‌രോഗങ്ങള്‍, മന:ക്ലേശം, ശത്രുഭയം, അലസത 
എന്നിവയും അനുഭവിക്കേണ്ടിവരുന്നതാണ്. ആരുമായും ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കരുത്. 
ഏതൊരുകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ ആവശ്യമായി വരുമെന്നതിനാല്‍ 
വളരെയേറെ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും ഉന്മേഷക്കുറവ് അനുഭവമാകുന്ന 
കാലമാകയാല്‍ യോഗ, ഈശ്വരപ്രാര്‍ത്ഥന തുടങ്ങിയവ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തണം. 
ബന്ധുജനങ്ങള്‍ അകലുന്നതിന് പ്രത്യേക കാരണങ്ങളൊന്നും ആവശ്യമുണ്ടാകില്ല.

വിദ്യാര്‍ഥികള്‍, സിനിമാ-കലാരംഗത്തുള്ളവര്‍, സാമൂഹികരംഗത്തുള്ളവര്‍ എന്നിവര്‍ക്ക് 
പ്രതിച്ഛായക്ക് ഭംഗം വരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം 
ശ്രദ്ധിക്കേണ്ടതാകുന്നു. അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ ശ്രദ്ധിക്കണം.
 
മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി, ശ്രീകൃഷ്ണന് അഞ്ചുകൂട്ടം വഴിപാടുകള്‍ 
(ഇഷ്ടമുള്ളവ), ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.
 
ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര: (ഇവ അന്ത്യഷള്‍ക്കത്തില്‍
വരുന്നവയാണ്)

മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ അന്ത്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്ക് പ്രായേണ അടുത്ത 
വിഷുവരെയും ഗുണപ്രദമായിരിക്കും. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിസാദ്ധ്യത കൂടുതലാകുന്നു. 
കുടുംബാനുകൂല്യം, തൊഴില്‍ - വ്യവസായ - വ്യാപരാദി കാര്യങ്ങളില്‍ ലാഭം, 
വിദേശയാത്രാഭാഗ്യവും വിദേശത്ത് ഇഷ്ടതൊഴില്‍ ഭാഗ്യവും, സജ്ജനബഹുമാന്യത 
തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. വിദേശം വഴി ധനലാഭവും 
സിദ്ധിക്കും.

ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഭാഗ്യദായകമാകുന്ന 
തൊഴില്‍ അവസരങ്ങള്‍ വന്നുചേരാന്‍ യോഗം കാണുന്നു. ഉത്രം, അത്തം, ചിത്തിര 
നക്ഷത്രക്കാര്‍ക്ക് ശനിദോഷവും വ്യാഴദോഷവും ഉള്ളതിനാല്‍ ഗുണാനുഭവങ്ങള്‍ക്കൊപ്പം 
ചില പ്രതിസന്ധികളും ഉണ്ടായേക്കാം. വ്യാഴ-ശനിഗ്രഹ ശാന്തിമന്ത്രങ്ങള്‍ നിത്യവും ജപിച്ച് 
ദോഷങ്ങള്‍ 

ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാനുതകുന്ന രീതിയില്‍ തൊഴില്‍ മാറ്റം 
പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ യോഗം കാണുന്നു. 
കുടുംബത്ത് മംഗളകരമായ കര്‍മ്മങ്ങളും അതുവഴി സന്തോഷവും ലഭിക്കാനുള്ള 
യോഗവും കാണുന്നുണ്ട്.

ഇവര്‍ മഹാവിഷ്ണുവിന് രാജഗോപാലാര്‍ച്ചനയും ശാസ്താവിന് നെയ്‌വിളക്കും 
മഹാദേവന് ശൈവമാലാ മന്ത്രാര്‍ച്ചനയും നല്‍കി പ്രാര്‍ത്ഥിക്കണം. ശൈവമാലാമന്ത്രം 
നിത്യവും ജപിക്കുന്നതും അത്യുത്തമം ആകുന്നു 

ഇവിടെ നല്‍കിയിരിക്കുന്ന ഫലങ്ങളൊക്കെയും പൊതുഫലങ്ങള്‍ മാത്രമാകുന്നു. ഓരോ 
ആളുകളുടേയും ജാതകവശാലുള്ള ദശപഹാരകാലപ്രകാരവും സൂര്യന്‍റെയും 
വ്യാഴത്തിന്‍റെയും ശനിയുടെയും ചാരവശാലുള്ള സ്ഥിതിപ്രകാരവും ഗുണദോഷഫലങ്ങള്‍ 
വ്യത്യാസപ്പെടുന്നതുമായിരിക്കും. 

ദോഷപ്രദമായി നില്‍ക്കുന്നവരൊക്കെയും യഥാശക്തി വഴിപാടുകള്‍ നല്‍കി 
പ്രാര്‍ത്ഥിക്കേണ്ടതാണെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം പ്രത്യേകം 
ഉപദേശിച്ചുകൊള്ളുന്നു.8

വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം:

2017, ഏപ്രില്‍ 14 പുലര്‍ച്ചെ 04.34am മുതല്‍ 06.17 വരെയുള്ള മീനം ഉത്തമം.

ചില വിദേശരാജ്യങ്ങളിലെ വിഷുക്കണി മുഹൂര്‍ത്തം:

UAE  :   04.33am to 06.00am
Saudi:   04.07 to 05.35am
Qatar:   03.49am to 05.16am
Oman:    04.19am to 05.48am
Kuwait:  04.04am to 05.27am
Bahrain: 03.51 to 05.18am
Singapore: 05.15am to 07.03am

(ജ്യോതിഷ-ജാതക സംബന്ധിയായ സംശയങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കും ബന്ധപ്പെടുക 
ശ്രീനീരജ് പണിക്കര്‍,ബെന്ഗളൂരു +91 8762019301)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us