തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കരാറിന്റെ പേരില്‍ യുഡിഎഫ് നിയമസഭയ്ക്കുള്ളില്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. ജനപിന്തുണ കിട്ടാതായതോടെ മാനേജ്മെന്റുകള്‍ ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞു എന്ന പ്രചാരണം നടത്തി നിരാഹാരസമരം പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് സഭ അവധിക്കു പിരിഞ്ഞത് ചൂണ്ടികാട്ടി സമരം യുഡിഎഫ് അവസാനിപ്പിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും റോജി എം ജോണുമാണ് നിലവില്‍ നിരാഹാരസമരം നടത്തിവന്നിരുന്നത്. എംഎല്‍എമാരായ ഹൈബി ഈഡനേയും, ഷാഫി പറമ്പിലിനേയും ആശുപത്രിയിലേക്ക് നീക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇവര്‍ നിരാഹാരസമരം ആരംഭിച്ചത്. കൂടുതല്‍ സമരപരിപാടികള്‍ സഭയ്ക്കു പുറത്തു സംഘടിപ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് അഞ്ചിനു നിരാഹാരസമരം നടത്തിയ എംഎല്‍എമാര്‍ക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്കാന് തീരുമാനിച്ചിട്ടുണ്ട്. 15,16 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ വഞ്ചന തുറന്നുകാട്ടുന്ന ജനകീയ സദസ് സംഘടിപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.
സ്വാശ്രയ പ്രശ്നം ഉന്നയിച്ച് എട്ടുദിവസത്തോളം പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. സഭാ നടപടികള്‍ തടസപെടുത്തിയതിനെ തുടര്‍ന്നാണ് പൂജാ അവധിക്കായി ഇന്നത്തെയും നാളത്തെയും സഭാനടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞത്. ഇനി 17നേ നിയമസഭ ചേരുകയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.