വിവിധ പ്രാദേശിക ഭാഷകളിലുള്ള ബൈബിളുകൾ, മെറ്റൽ കവർ ബൈബിൾ, തീപ്പെട്ടി രൂപത്തിലുള്ള ബൈബിൾ, കളർ കൂൾ ബൈബിളുകൾ എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം. 10 രൂപ മുതൽ 6000 രൂപവരെ വിലവരുന്ന വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, കുട്ടികൾക്കുള്ള പ്രത്യേക കലണ്ടറുകൾ തുടങ്ങി രണ്ട് കോടിയോളം രൂപയുടെ പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഒഎം ബുക്സ് മാനേജർ ജോൺ പി.ജേക്കബ് പറഞ്ഞു. 17,600 രൂപ വിലയുള്ള ബെറ്റി ലൂക്കൻ-സൺഡേ സ്കൂൾ പഠന കിറ്റ് കുട്ടികൾക്കു വിസ്മയ കാഴ്ചയായി.
ഡേവിഡ് ലിവിങ്സ്റ്റൻ, ബില്ലിഗ്രഹാം, മാർട്ടിൻ ലൂഥർ, റിക്ക്വാറിൻ, ബാർബറ, സാധു സുന്ദർ സിങ്, ഫ്ലോറൻസ് നൈറ്റിങ്ഗേൽ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ, രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ സിഡി, ക്രിസ്മസ് ഗാനങ്ങളുടെ സിഡി എന്നിവയും ലഭ്യമാണ്. പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 19നു സമാപിക്കും.