ബെംഗളൂരു : പത്മശ്രീ പുരസ്‌കാര ജേതാവും ആത്മീയ ചിന്തകനുമായ ഇബ്രാഹിം സുതാർ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗപുരിൽ ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്.
ആശാരി ദമ്പതികളായ നബീസാഹിബ്-ആമിനാബി ദമ്പതികളുടെ മകനായി 1940 മെയ് 10 നാണ് ഇബ്രാഹിം ജനിച്ചത്. ദാരിദ്ര്യം കാരണം മൂന്നാം ക്ലാസിനു ശേഷം സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. നെയ്ത്തുകാരനായി ജോലി ചെയ്യുന്നതിനൊപ്പം, അദ്ദേഹം ഒരു പ്രാദേശിക പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്തെങ്കിലും മറ്റ് മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും സാരം അറിയാനുള്ള താൽപര്യം വളർത്തിയെടുത്തിയിരുന്നു.
ആത്മീയ ചിന്തകൻ ഭജനകൾ, വചനങ്ങൾ, ദാർശനിക, സൂഫി ഗാനങ്ങൾ എന്നിവ ആലപിച്ചുകൊണ്ട് പ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. കർണാടകയിലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ആത്മീയ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. അന്ധവിശ്വാസങ്ങൾക്കെതിരെ ഗ്രാമീണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹം ശ്രമിച്ചു.
‘കർണാടകയിലെ കബീർ’ എന്നാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. 2018-ൽ പത്മശ്രീ ഉൾപ്പെടെ വിവിധ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും ഗാനങ്ങൾക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.