ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 84 കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേരളം ആസ്ഥാനമായുള്ള വ്യവസായിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തട്ടിപ്പ് നടത്തിയതിന് വ്യാഴാഴ്ചയാണ് അനസ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തട്ടിപ്പ് കേസിൽ കഴിഞ്ഞ ജൂണിൽ ചെന്നൈ സി.ഐ.ഡി. അറസ്റ്റുചെയ്ത അനസ് അഹമ്മദ് ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് അനസിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽവിട്ടത്.
“പവർബാങ്ക്” എന്ന മൊബൈൽ ആപ്ലിക്കേഷനിലും അത്തരം മറ്റ് തട്ടിപ്പ് ആപ്പുകളിലും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ പൊതുജനങ്ങളെ പ്രേരിപിച്ച കുറ്റാരോപിതരായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ED കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചിരുന്നു. കുറ്റാരോപിതരായ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്ന് വൻതുക പിരിച്ച ശേഷം പലിശ നൽകുകയോ യഥാർത്ഥ തുക പൊതുജനങ്ങൾക്ക് തിരികെ നൽകുകയോ ചെയ്യാതെ തങ്ങളുടെ ബിസിനസ്സ് അടച്ചുപൂട്ടുകയാണ് ചെയ്തിരുന്നത്, ഇതിനെതിരെ രഹസ്യാന്വേഷണം നടത്തുകയും ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോപണവിധേയരായ എച്ച് & എസ് വെഞ്ചേഴ്സ് ഇൻക്, ക്ലിഫോർഡ് വെഞ്ച്വേഴ്സ് എന്നീ രണ്ട് സ്ഥാപനങ്ങളുടെ പങ്കാളിയാണ് അനസ് അഹമ്മദ്. ഈ രണ്ട് സ്ഥാപനങ്ങളും നിരവധി സാമ്പത്തിക പദ്ധതികളുടെ പേരിൽ 84 കോടി രൂപയാണ് പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തത്. കൂടാതെ മുഴുവൻ റാക്കറ്റിന്റെയും സൂത്രധാരനാണെന്ന് സംശയിക്കുന്ന അനസ് അഹമ്മദിന് ചൈനീസ് ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്. പ്രഖ്യാപിത ഗെയിമിംഗിൽ നിന്ന് വ്യതിചലിച്ച് തന്റെ പങ്കാളിത്ത സ്ഥാപനങ്ങൾ വഴി അനസ് അഹമ്മദ് അഴിമതിയും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തട്ടിപ്പ് ആപ്പുകൾ വഴി നിക്ഷേപ പദ്ധതികളുടെ മറവിൽ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്തിരുന്നതായും ഇഡി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.