മൈസൂരു ∙ ദസറയോട് അനുബന്ധിച്ചുള്ള 11 ദിവസത്തെ പുഷ്പമേള നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പങ്കെടുക്കും. ഹോർട്ടികൾച്ചർ വകുപ്പും മൈസൂരു ജില്ലാ ഹോർട്ടികൾച്ചർ അസോസിയേഷനും മൈസൂരു സിറ്റി കോർപറേഷനും ചേർന്നാണു പുഷ്പമേള സംഘടിപ്പിക്കുന്നത്. സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്രത്തിന്റെ മാതൃകയാണ് ഇത്തവണ പുഷ്പമേളയുടെ പ്രധാന ആകർഷണം.
മൈസൂരുവിലെ ദൊഡ്ഡഘടിയാര (വലിയ ക്ലോക്ക്), ഐഫൽ ടവർ, ബാർബി ഡോൾ, 12 അടി ഉയരമുള്ള മയിൽ എന്നിവയുടെയും പൂക്കൾ കൊണ്ടുള്ള രൂപങ്ങൾ മേളയെ ആകർഷകമാക്കും. കുട്ടികൾക്കു 10 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണു ഫീസ്. ഒക്ടോബർ ഒന്നിനു പുഷ്പമേള സമാപിക്കും.