ബെംഗളൂരു ∙ മഹാനഗരസഭയിൽ (ബിബിഎംപി) സാമ്പത്തിക വെല്ലുവിളി നേരിടുന്ന 396 ഹൃദ്രോഗികൾക്കു സൗജന്യ ആൻജിയോപ്ലാസ്റ്റിയും ഉന്നത നിലവാരത്തിലുള്ള സ്റ്റെന്റും ലഭ്യമാക്കും. ഇതുസംബന്ധിച്ച് ബിബിഎംപിയും സർക്കാരിന്റെ കീഴിലുള്ള ജയദേവ, വിക്ടോറിയ ആശുപത്രികളും ധാരണാപത്രം ഒപ്പുവച്ചു. ബിബിഎംപിയുടെ 198 വാർഡിലെയും രണ്ടുവീതം രോഗികൾക്കാണു പദ്ധതിയുടെ ഗുണഫലം ലഭിക്കുക. ബിബിഎംപി 2017–18 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് നാലുകോടി രൂപ വകയിരുത്തി.
ഇതിൽ 3.5 കോടി രൂപ ജയദേവ ആശുപത്രിക്കും 50 ലക്ഷം രൂപ വിക്ടോറിയ ആശുപത്രിക്കും കൈമാറുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഓരോ വാർഡിലെയും അർഹരായ രോഗികളെ അതതു കോർപറേറ്റർമാർ കണ്ടെത്തും. ഇതിനു പുറമെ ജയദേവ ആശുപത്രി കർണാടകയിലെ സാമ്പത്തിക പരാധീനത നേരിടുന്ന 200രോഗികൾക്ക് സൗജന്യ ആൻജിയോപ്ലാസ്റ്റി ശിൽപശാല സംഘടിപ്പിക്കും.
അടുത്തമാസം 10നും 11നും ബെംഗളൂരുവിലും 12നും 13നും മൈസൂരുവിലും ശിൽപശാല അമേരിക്കയിലെ മെഡ്ട്രോണിക്, ഡോ. ഗോവിന്ദരാജു സുബ്രഹ്മണി ഹാർട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്. അർഹരായവർക്ക് സ്റ്റെന്റ് സൗജന്യമായി നൽകും. പങ്കെടുക്കാൻ ബിപിഎൽ കാർഡോ, വരുമാന സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഒക്ടോബർ എട്ടിനകം ബന്ധപ്പെടുക. ഫോൺ: 080-22977433.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.