ബെംഗളൂരു: ശിവമോഗയിലെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹത; ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തണെമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ പ്രവർത്തനം ഉടൻ നിരോധിക്കണമെന്നും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
സ്‌ഫോടനം നടക്കുന്നതിന് അരമണിക്കൂർമുമ്പ് ബൊലേറോ ജീപ്പിലാണ് ജലാസ്‌റ്റിൻ സ്‌റ്റിക്കുകൾ കൊണ്ടുവന്നതെന്ന് പ്രദേശവാസികളുടെ മൊഴി. എന്നാല്‍ ശിവമോഗയിലെ അബലഗെരെ ഗ്രാമത്തിലെ ഹുനസോടുവിലെ ക്വാറിയിലേക്ക് ട്രക്കിൽ കൊണ്ടുപോയ ജലാസ്‌റ്റിൻ സ്‌റ്റിക്കുകളാണ് പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചെന്നാണ് ഔദ്യോഗികഭാഷ്യം.
സ്ഫോടനം നടന്ന കരിങ്കൽ ക്വാറിപ്രദേശം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സന്ദർശിച്ചു. ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹം പ്രദേശത്തെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ നേരിട്ടറിയാനാണ് അദ്ദേഹമെത്തിയത്. നിരവധി സ്വകാര്യ ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശമാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മനാടായ ശിവമോഗ.
സ്‌ഫോടകവസ്‌തുക്കൾ അനധികൃതമായി സൂക്ഷിച്ചിടത്താണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രകമ്പനം നാലു ജില്ലകളിൽ അനുഭവപ്പെട്ടു. ഉന്നതരാഷ്‌ട്രീയ നേതൃത്വവുമായി ബന്ധമുള്ളവരാണ് ക്വാറി ഉടമകൾ. മരിച്ചവർ തൊഴിലാളികളാണ്. സംസ്ഥാനത്ത് അനധികൃത കരിങ്കൽ ഖനനം ഒരുതരത്തിലും അനുവദിക്കില്ലെന്നും അത്തരം പ്രവർത്തനം നടത്തുന്നവരുടെ പേരിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകും. സ്ഫോടനം നടന്ന ക്വാറി അനധികൃതമായി പ്രവർത്തിച്ചുവരുകയായിരുന്നു. സ്ഫോടനവസ്തുക്കളുമായി ലോറി സംഭവസ്ഥലത്ത് എത്തിയതെങ്ങനെയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരിൽ മൂന്നു പേർ കർണാടകയിലെ ഭദ്രാവതി സ്വദേശികളാണ്. ഒരാൾ ആന്ധ്രാ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ പര്യാപത്മല്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. പ്രദേശത്തെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടു പറ്റിയിരുന്നു. ഭൂമികുലുക്കത്തിന്റെ ആരംഭമാണെന്നു കരുതി പലരും വീടുകളുടെ പുറത്തേക്ക് ഓടുകയും ചെയ്തിരുന്നു. ചിക്കമംഗളൂർ, ദേവാംഗെരെ, ഉത്തര കന്നഡ ജില്ലകളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ക്വാറി ഉടമയെയും സ്‌ഫോടകവസ്‌തു വിതരണക്കാരനെയും അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.