ബെംഗളൂരു: കളിപ്പാട്ട നിർമാണ മേഖലയിലെ ചൈനയുടെ മേധാവിത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് കർണാടകയിലെ കൊപ്പാളിൽ കളിപ്പാട്ട ക്ലസ്റ്ററിന് മുഖ്യമന്ത്രി യെദിയൂരപ്പ കഴിഞ്ഞ ശനിയാഴ്ച തറക്കല്ലിട്ടു.
ഒരുലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളൊരുക്കുക എന്ന ലക്ഷ്യസുമുണ്ട് രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട നർമാണ ക്ലസ്റ്റർ കൊപ്പാളിലെ ഭാനപ്പൂരിൽ തുടങ്ങുമ്പോൾ.
400 ഏക്കർ സ്ഥലത്താണ് പദ്ധതി
അന്താരാഷ്ട്ര വിപണിയിൽ രാജ്യത്തുനിന്നുള്ള കളിപ്പാട്ടത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കളിപ്പാട്ട ക്ലസ്റ്റർ നിർമിക്കുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയായ ഇതിന്റെ നടത്തിപ്പ് ചുമതല എയിക്സ് ഗ്രൂപ്പിനാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ 30,000 പേർക്ക് നേരിട്ടും 70,000 പേർക്ക് നേരിട്ടല്ലാതെയും ജോലി നൽകാൻ കഴിയും.
വൻകിട കമ്പനികൾ ഉൾപ്പെടെ 100-ഓളം നിർമാണ യൂണിറ്റുകളാണ് ക്ലസ്റ്ററിലുണ്ടാകുക.
ഇതിൽ ചില കമ്പനികളുമായി ഇതിനോടകം ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ശനിയാഴ്ച മാത്രം ആറുകമ്പനികളാണ് സർക്കാരുമായി ധാരണാപത്രമുണ്ടാക്കിയത്.
ഈ വർഷം അവസാനത്തോടെ ക്ലസ്റ്ററിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലസ്റ്ററിൽ ജോലി ലഭിക്കുന്നവരിൽ 80 ശതമാനവും സംസ്ഥാനത്തുനിന്നുള്ളവർ തന്നെയായിരിക്കും . മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 10 ശതമാനം മുതൽ 20 ശതമാനം പേർക്കും ജോലി ലഭിക്കും.
സ്ത്രീകൾക്കാണ് പ്രഥമപരിഗണന ലഭിക്കുക. ഇവർക്ക് മികച്ച കൂലിയും ഉറപ്പുവരുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു. സ്ത്രീകൾക്ക് എയിക്‌സ് ഗ്രൂപ്പ് പരിശീലനം നൽകും.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 450 മില്യൺ ഡോളർ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തങ്ങളാണ് ക്ലസ്റ്റർ നടത്തുക.
മോഡലുകളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ് കളിപ്പാട്ടങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കായിരിക്കും പ്രധാന്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.