കേരളം മുഖം തിരിക്കുന്നു;പ്രഖ്യാപിച്ച തീവണ്ടികൾ ഓടിത്തുടങ്ങുമോ എന്ന് കണ്ടറിയാം…

ബെംഗളൂരു: എന്നും ബെംഗളൂരു മലയാളികളുടെ അവസ്ഥ ഇങ്ങനെ ഒക്കെ തന്നെയാണ്, മറ്റ് മലയാളി പ്രവാസി വിഭാഗങ്ങളോട് കാണിക്കുന്ന പരിഗണന പോയിട്ട് സർക്കാർ തലത്തിൽ നിന്ന് അവഗണനക്ക് ഒരു കുറവും ഉണ്ടാവാറില്ല.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ മലയാളികൾ വന്ന് ജോലി ചെയ്ത് പോകുന്ന, പഠനാവശ്യത്തിന് വരുന്ന ഇന്ത്യയിലെ ഒരു നഗരമാണ് ബെംഗളുരു.

കോവിഡിന് മുൻപായാലും ലോക് ഡൗൺ കാലത്തായാലും അതിന് ശേഷമായാലും ബെംഗളൂരു മലയാളികളുടെ യാത്രാ ക്ലേശത്തിന് ഒരു കുറവും ഇല്ല.

കോവിഡ് ലോക്ക് ഡൗണിന് ശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും റെയിൽവേ തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ചപ്പോഴും കേരളം ആ പട്ടികയിൽ ഉണ്ടായിരുന്നില്ല.

പിന്നീട് കഴിഞ്ഞ ദിവസങ്ങളിലാണ് തെക്കൻ കേരളത്തിലേക്കും മലബാറിലേക്കും മുൻപ് ഉണ്ടായിരുന്ന ഓരോ തീവണ്ടികൾ ഉൽസവ സ്പെഷൽ എന്ന നിലക്ക് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്.

എന്നാൽ,കേരളത്തിലേക്ക് റെയിൽവേ രണ്ട് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചെങ്കിലും കേരള സർക്കാരിന്റെ അനുമതി വൈകുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.

ദീപാവലി, മഹാനവമി അവധികളോടനുബന്ധിച്ച് യശ്വന്തപുര- കണ്ണൂർ, ബെംഗളൂരു- കന്യാകുമാരി(ഐലൻഡ് എക്സ്പ്രസ്) എന്നിവ ഉൾപ്പെടെ ഇരുപതോളം തീവണ്ടികളാണ് ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ചത്.

എന്നാൽ, സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ കേരളത്തിലേക്കുള്ള രണ്ടു തീവണ്ടികളുടെമാത്രം വിജ്ഞാപനം ഇതുവരെ ഇറക്കാനായില്ല.

കേരളസർക്കാരിന്റെയും തീവണ്ടി തമിഴ്‌നാട്ടിലൂടെ കടന്നുപോകുന്നതിനാൽ തമിഴ്‌നാട് സർക്കാരിന്റെയും അനുമതി ആവശ്യമാണെന്നും അതുലഭിക്കാത്തതിനാൽ തീവണ്ടികളുടെ പട്ടിക പുറത്തിറക്കാനായിട്ടില്ലെന്നും ബെംഗളൂരു റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിലേക്ക് ഈമാസം 20 മുതൽ നവംബർ 30 വരെ ആഴ്ചയിൽ എല്ലാദിവസവും സർവീസ് നടത്താനാണ് റെയിൽവേ ബോർഡിന്റെയും ദക്ഷിണ-പശ്ചിമ റെയിൽവേയുടെയും അനുമതി ലഭിച്ചത്.

കോവിഡിനുമുമ്പ് ഓടിക്കൊണ്ടിരുന്ന തീവണ്ടികളാണിവ. യാത്രക്കാരുടെ തിരക്കനുസരിച്ച് ഈ സർവീസുകൾ നീട്ടാനും സാധ്യതയുണ്ട്.

രണ്ടുതീവണ്ടികൾ അനുവദിച്ചത് നൂറുകണക്കിന് മലയാളിയാത്രക്കാർക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ, കേരളസർക്കാർ തീവണ്ടി ഓടിക്കാനുള്ള അനുമതി നൽകാത്തത് തിരിച്ചടിയായിരിക്കുകയാണ്.

നിലവിൽ കേരള-കർണാടക ആർ.ടി.സി. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായിട്ടാണ് മലയാളികൾ നാട്ടിൽ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us