ബെംഗളൂരു: ഇന്ന് മുതൽ കേരള ആർ.ടി.സി.യുടെ അന്തസ്സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കും. ഓണം സ്പെഷ്യലുകളായി സൂപ്പർ എക്സ്പ്രസ്, ഡീലക്സ് ബസുകളാണ് സർവീസ് നടത്തുക.
നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ്-19 ജാഗ്രതാ പോർട്ടലിൽനിന്ന് പാസെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കേരള ആർ.ടി.സി. പരിഹരിച്ചു. പാസെടുക്കുമ്പോൾ വാഹന നമ്പർ രേഖപ്പെടുത്തുന്നതിന് പകരം സംവിധാനം നിലവിൽവന്നു.
രജിസ്റ്റർ ചെയ്യുമ്പോൾ സെലക്ട് വെഹിക്കിൾ എന്ന വിഭാഗത്തിൽ ഗവൺമെന്റ് വെഹിക്കിൾ/കേരള എസ്. ആർ.ടി.സി. എന്ന ഓപ്ഷൻ ഇനി മുതൽ തിരഞ്ഞെടുക്കാം.
നേരത്തേ വാഹനം തിരഞ്ഞെടുത്തശേഷം വാഹന നമ്പർകൂടി നൽകേണ്ടിയിരുന്നു. ഇതിനെതിരേ ഒട്ടേറെ യാത്രക്കാർ രംഗത്തെത്തിയിരുന്നു.
ഓൺലൈനായി എടുത്ത ടിക്കറ്റിനൊപ്പം പാസും കണ്ടക്ടർമാർ പരിശോധിക്കും. പാസില്ലാത്തവർക്ക് യാത്രചെയ്യാൻ അനുമതിയുണ്ടാകില്ല.
കോവിഡ് പശ്ചാത്തലത്തിൽ പൂർണസുരക്ഷയോടെയായിരിക്കും സർവീസ് നടത്തുന്നത്. ഡ്രൈവറുടെ ക്യാബിൻ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.
– മുഖാവരണം ധരിച്ചതിനുശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
– ടിക്കറ്റിനൊപ്പം യാത്രക്കാർ നിർബന്ധമായും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്ത് ലഭിക്കുന്ന പാസ് കാണിക്കണം.
– ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടാൽ ബുക്കുചെയ്ത യാത്രക്കാരെ കയറ്റാനും ഇറക്കാനുമല്ലാതെ ബസ് ഇടയ്ക്ക് നിർത്തില്ല.
– കേരളത്തിലെത്തിയാൽ 14 ദിവസം യാത്രക്കാർ ക്വാറന്റീനിൽ കഴിയണം.
ബസുകൾ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്‌സ്റ്റാൻഡിലെ കേരള ആർ.ടി.സി. കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.