ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വരുന്ന മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണ്.
മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങൾക്കു ശേഷം നവംബർ വരെ ദീർഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് 19 മഹാമാരിയുടെ കാര്യത്തിൽ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ രാജ്യം അൺലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം.
ലോക്ഡൗൺ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അൺലോക്ക് ആരംഭിച്ചപ്പോൾ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി.
ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ജനങ്ങൾ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന് അതിലേക്ക് രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ഡൗൺ കാലത്ത് പാവപ്പെട്ട കുടുംബങ്ങൾ പട്ടിണി കിടക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണനയാണ് നൽകിയത്.
ജൻധൻ യോജന വഴി 31000 കോടി രൂപ നൽകി. 20 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു.
ഒമ്പത് കോടി കുടുംബങ്ങൾക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.