ബെംഗളൂരു : നഗരത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഒരു പ്രതീക്ഷയുടെ ചെറു വെട്ടം,ഇവിടെ കുടുങ്ങി ക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശ്രമം തുടങ്ങി.
ഇവിടെ മാത്രം വിദ്യാർത്ഥികളടക്കം ഏകദേശം അയ്യായിരത്തോളം പേരുണ്ട്.
നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യാൻ നോർക്ക ഉടൻ സൗകര്യം ഒരുക്കും.
ഈ സാഹചര്യത്തിലാണ് ഇവരെ കൊണ്ടുവരാൻ ഗതാഗതവകുപ്പ് സർക്കാരിന് മാർഗനിർദേശങ്ങൾ സമർപ്പിച്ചത്.
രോഗം ഇല്ലായെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത് .
ഒരു ദിവസം നിശ്ചിത ആളുകളെ കൊണ്ടു വരാവൂ. മഞ്ചേശ്വരം മുത്തങ്ങ വാളയാർ അമരവിള എന്നീ ചെക്ക് പോസ്റ്റ് വഴിയേ വാഹനങ്ങൾ കടത്തിവിടൂ.
അതും രാവിലെ എട്ടു മണിക്കും 11 മണിക്കും ഇടയിൽ മാത്രം. സ്വന്തം വാഹനത്തിൽ ആളുകൾക്ക് വരാം. കേന്ദ്രം അനുവദിച്ചാൽ അന്തർ സംസ്ഥാന ബസുകൾ ഏർപ്പെടുത്താം. സാമൂഹിക അകലം പാലിച്ചേ ബസ് യാത്ര പാടുള്ളൂ.
നഷ്ടം സഹിച്ച് ബസുകൾ ഓടാൻ തയാറല്ലെങ്കിൽ ഇന്ധന നികുതി ഇളവ് ചെയ്ത് നൽകുന്ന കാര്യം ആലോചിക്കാം. ഇക്കാര്യം ഗതാഗതമന്ത്രി അടുത്ത ദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി ചർച്ച ചെയ്യും.
അതിർത്തി കടന്ന് എത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കാൻ പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം.
വാഹനങ്ങൾ ഫയർഫോഴ്സ് അണു മുക്തമാക്കണം. തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് പോകുന്നതെന്ന് ഉറപ്പുവരുത്താൻ അതാത് ജില്ലാ ഭരണ കൂടം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഗതാഗത വകുപ്പിന്റ ശുപാർശയിലുണ്ട്.
അതിർത്തി കടന്നെത്താൻ ആവശ്യം വേണ്ടി വരാവുന്ന കാര്യങ്ങള്‍.
- മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
- പ്രവേശനം രാവിലെ എട്ടിനും 11 നും ഇടയിൽ മാത്രം
- കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസ്
- ബസിൽ സാമൂഹിക അകലം നിർബന്ധമാക്കും
- എ.സി പാടില്ല, മാസ്ക് നിർബന്ധം
- ഒരു ദിവസം നിശ്ചിത ആളുകൾ മാത്രം
- പ്രവേശനം മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്ക് പോസ്റ്റുകൾ വഴി
- സ്വന്തം വാഹനത്തിൽ വരാം
അതിർത്തിയിൽ ഒരുക്കേണ്ട കാര്യങ്ങള്‍ .
- വരുന്നവരെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സംഘം.
- പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം.
- വാഹനങ്ങൾ ഫയർഫോഴ്സ് അണുമുക്തമാക്കണം