ബെംഗളൂരു: കൊറോണ രോഗികളെ കേരളം കർണാടകത്തിലേക്കു കടത്തുന്നു എന്ന വിവാദ പരാമർശത്തിന് പിന്നാലെ തിരുത്തുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.
Critical & essential travel from Kasaragod to Mangaluru should be allowed on humanitarian grounds.
Patients from Kerala seeking medical assistance in Karnataka can be allowed with adequate precautionary measures.
Our fight against Corona is beyond caste, religion & boundary.
— Siddaramaiah (@siddaramaiah) April 1, 2020
കാസർകോട് നിന്ന് മംഗളൂരുവിലേക്ക് അടിയന്തരവും അവശ്യവുമായ യാത്രകൾ അനുവദിക്കണമെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കർണാടകയിൽ ചികിത്സതേടുന്ന കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മതിയായ മുൻകരുതലോടെ യാത്രക്ക് അനുമതി നൽകാം. ജാതിക്കും മതത്തിനും അതിർത്തിക്കും അതീതമായിട്ടാണ് കൊറോണക്കെതിരായ നമ്മുടെ പോരാട്ടമെന്നും സിദ്ധരാമയ്യ ട്വീറ്റിൽ കുറിച്ചു.
എന്നാൽ മണിക്കൂറുകൾക്ക് മുമ്പ് സിദ്ധരാമയ്യ കേരളത്തിനെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
കൊറോണരോഗികളെ കേരളം അതിർത്തിവഴി കർണാടകത്തിലേക്കു കടത്തുന്നു.
ദക്ഷിണ കന്നഡ, മൈസൂരു, കുടക് അതിർത്തികൾവഴി കൊറോണ വൈറസ് ബാധയേറ്റവർ കർണാടകത്തിലേക്കു കടക്കുന്നുണ്ട്. കേരളത്തിൽനിന്നു വരുന്നവരെ അതിർത്തിയിൽ തടയണമെന്നും സിദ്ധരാമയ്യ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറോട് (കളക്ടർ) ഫോണിൽ ആവശ്യപ്പെട്ടതായി കന്നഡ ദിനപത്രം ഉദയവാണിയാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തിൽ ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ബെംഗളൂരുവിൽ ചർച്ച നടത്തുന്നതിനിടയിലാണ്, മുൻ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യ ഡെപ്യൂട്ടി കമ്മിഷണറെ ഫോണിൽ വിളിച്ച് വിവാദസംഭാഷണം നടത്തിയതെന്ന് വാർത്തയിൽ പറയുന്നുണ്ട്.
കേരളത്തിൽനിന്ന് അതിർത്തിവഴി അത്യാസന്ന നിലയിലുള്ള രോഗികളെയുംകൊണ്ട് വരുന്ന ആംബുലൻസുകൾ തടഞ്ഞതിനെത്തുടർന്ന് ഏഴുപേർ മരിച്ചിട്ടും കർണാടകയിലെ കോൺഗ്രസ് നേതാക്കളാരും ഇതിനെതിരേ പ്രതികരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു.
ഇതിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ കേരളത്തിൽനിന്നു കർണാടകത്തിലേക്കുള്ള റോഡുകൾ തുറക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.