ബെംഗളൂരു: ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കമ്മനഹള്ളിയിലെ എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 99 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. മാണ്ഡ്യ സ്വദേശിയായ പവൻ (23) ആണ് വെള്ളിയാഴ്ച വൈകീട്ട് വാഹനവുമായി കടന്നത്.
പവനെ കൂടാതെ രണ്ടു സുരക്ഷാജീവനക്കാരും മറ്റൊരു ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനായി പവൻ ഒഴികെയുള്ള ജീവനക്കാർ പണവുമായി പുറത്തിറങ്ങി. ഈ സമയം വാഹനത്തിന്റെ ലോക്കറിൽനിന്ന് 99 ലക്ഷം രൂപ പുറത്തെടുത്ത് സീറ്റിൽ വെച്ചിരുന്നു. ജീവനക്കാർ എ.ടി.എം. കൗണ്ടറിലേക്ക് കയറിയതോടെ പവൻ വാഹനമോടിച്ച് പോകുകയായിരുന്നു.
വാഹനം തിരിക്കാൻ പോയതാണെന്നാണ് മറ്റു ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ എ.ടി.എമ്മിൽ പണം നിറച്ച് ഏറെനേരം കഴിഞ്ഞിട്ടും വാഹനം കാണാതായതോടെ ജീവനക്കാർ ഇയാളെ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനെത്തുടർന്ന് സംശയംതോന്നിയ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ലിംഗരാജപുരം ഫ്ളൈ ഓവറിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലുദിവസം മുമ്പാണ് പവൻകുമാർ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഇയാളെ സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.