ബെംഗളൂരു: കന്നഡ ഗാനങ്ങൾ പാടാത്തതിനെത്തുടർന്ന് ബെംഗളൂരുവിൽ സംഗീത ബാൻഡ് അംഗങ്ങൾക്കു നേരെ ആക്രമണം . വൈറ്റ് ഫീൽഡിലെ ഫീനിക്സ് സിറ്റി മാളിലാണ് സംഭവം. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ബാൻഡ് അംഗങ്ങളാണ് ആക്രമണത്തിന് ഇരയായത്.
പരിപാടി കഴിഞ്ഞ് സംഗീതോപകരണങ്ങൾ വേദിയിൽനിന്ന് മാറ്റുന്നതിനിടെയാണ് പരിപാടിയിൽ കന്നഡ ഗാനങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് രണ്ടുപേർ എത്തിയത്. കന്നഡ ഗാനങ്ങൾ പാടിയാലേ പോകാൻ കഴിയൂവെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഇതോടെ ഉപകരണങ്ങളുപയോഗിക്കാതെ മ്യൂസിക് ബാൻഡ് കന്നഡ ഗാനമാലപിച്ചെങ്കിലും ഇവർ തൃപ്തരായില്ല.
മാൾ അധികൃതർ സംഗീതോപകരണങ്ങൾ സ്പീക്കറുകളുമായി വീണ്ടും ബന്ധിപ്പിച്ചാൽ പാടാമെന്ന് ബാൻഡ് അംഗങ്ങൾ അറിയിച്ചു. എന്നാൽ മാൾ അധികൃതർ ഇതിനു തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ബാൻഡ് അംഗങ്ങളെ മർദിക്കുകയായിരുന്നു.
പ്രധാന ഗായകനും ഗിറ്റാറിസ്റ്റിനും പരിക്കേറ്റു. സംഭവത്തിൽ മാൾ അധികൃതർ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളോടെ പോലീസിൽ പരാതി നൽകി. മഹാദേവപുര പോലീസ് അന്വേഷണം തുടങ്ങി.
ജൂലായ് 13-ന് കൊച്ചിയിൽ നിന്നുള്ള സംഗീത ബാൻഡിന് സമാനമായ രീതിയിൽ അതിക്രമം നേരിടേണ്ടിവന്നിരുന്നു. മാറത്തഹള്ളിയിലെ പബ്ബിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളം പാട്ട് പാടിയതാണ് പ്രകോപനത്തിനിടയായത്. തുടർന്ന് സംഗീത പരിപാടി നിർത്തിവെക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.