ബെംഗളൂരു: കഴിഞ്ഞ ദിവസം മംഗളുരുവിൽ ഇരുപത്തിയൊന്നുകാരിയെ യുവാവ് നടുറോഡിൽ കുത്തിവീഴ്ത്തുന്ന വിഡിയോ ഞെട്ടലോടെയല്ലാതാ കാണാനാകില്ല. എന്നാൽ ആ സമയം യുവാവിനടുത്തേക്ക് ഓടിയടുത്തതും സംഭവം നിയന്ത്രണവിധേയമാക്കിയതും ഇരുപത്തിനാലുകാരിയായ മലയാളി നഴ്സാണ്. ഈ യുവതിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
അപ്രതീക്ഷിതമായി കൺമുന്നിൽ അരങ്ങേറിയ കൊടുംക്രൂരത നേരിൽക്കണ്ടവർ പകച്ചു നിന്നു. അടുത്തേക്ക് ചെന്നവരെ കത്തിവീശിയും വെല്ലുവിളിച്ചും യുവാവ് തിരിച്ചോടിച്ചു. ഇതിനിടയില്‍ എത്തിയ മലയാളി നേഴ്സ് അടുത്തേക്ക് പോകാനൊരുങ്ങുബോൾ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
“സംഭവം നടക്കുന്ന ദിവസം ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ബഹളം കേട്ടപ്പോൾ എന്തോ അപകടം പറ്റിയെന്നാണ് കരുതിയത്. പക്ഷേ പിന്നീടാണ് ഒരു യുവതിക്ക് കുത്തേറ്റതാണെന്ന് അറിയുന്നത്”- നേഴ്സ് പറഞ്ഞു. കെഎസ് ഹെഗ്ഡെ മെഡിക്കൽ അക്കാദമി കോംപൗണ്ടിന് പിന്നിലെ റോഡിലാണ് സംഭവം നടന്നത്.
”ഹോസ്പിറ്റൽ ബാൽക്കണിയിൽ നിന്ന് ഒരുപാട് പേർ സംഭവം കാണുന്നുണ്ടായിരുന്നു. എന്നോട് പിന്മാറാനും സൂക്ഷിക്കാനുമൊക്കെ അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല. ആ പെൺകുട്ടിയെ രക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. ഞാനാണ് ആദ്യം അടുത്തേക്ക് ഓടിച്ചെന്നത് എന്നുപോലും അപ്പോൾ മനസ്സിലായില്ല. ഇതാദ്യമായാണ് കൺമുന്നിൽ ഇത്ര വലിയൊരു ക്രൂരത കാണുന്നതെന്നും അവർക്ക് ചികിത്സ നൽകുന്നതും.”-”എന്റെ പേര് വെളിപ്പെടുത്തരുത്. ഞാനെന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്”- യുവതി പറഞ്ഞു.
ആംബുലൻസ് വിളിച്ച ശേഷമാണ് സംഭവസ്ഥലത്തേക്ക് യുവതിയെത്തുന്നത്. മഞ്ഞ ടീഷർട്ടില്‍ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെയും താഴെ വേദനയോടെ പിടയുന്ന യുവതിയെയുമാണ് നഴ്സ് കണ്ടത്. യുവാവ് സ്വന്തം കഴുത്തിലും കത്തി കയറ്റിയിരുന്നു. ”കത്തിയുമായി നിൽക്കുന്ന യുവാവിനെ കണ്ടതോടെ മറ്റൊന്നും ചിന്തിച്ചില്ല. അയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു” സുശാന്തിനെ പിന്തിരിപ്പിക്കുക എന്നത് ശ്രമകരമായിരുന്നു എന്ന് യുവതി പറയുന്നു.
അതിനകം തന്നെ നിരവധി തവണ അയാൾ യുവതിയെ കുത്തിയിരുന്നു. സംഭവം നിയന്ത്രണവിധേയമായതോടെ ആംബുലൻസ് ഡ്രൈവർമാരും മറ്റ് ആശുപത്രി ജീവനക്കാരും അയാളെ പിടിച്ചുമാറ്റി. ഉടൻ കുത്തേറ്റ യുവതിയെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റി, ആശുപത്രിയിലെത്തിച്ചു. അൽപ്പസമയത്തിനകം സുശാന്തിനെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെന്നും താനും സഹപ്രവർത്തകരും ചേർന്നാണ് പ്രാഥമിക ചികിത്സ നൽകിയതെന്നും യുവതി പറയുന്നു.
എല്ലാത്തിനും ശേഷം മാത്രമാണ് ക്രൂരതയുടെ ആഴം മനസ്സിലായത് എന്ന് യുവതി പറയുന്നു. കെഎസ് ഹെഗ്ഡെ മെഡിക്കൽ അക്കാദമിയില്‍ നിന്നാണ് യുവതി നഴ്സിങ് പഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ പത്ത് മാസമായി മംഗളുരുവിലെ പ്രാദേശിക ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.