ബെംഗളൂരു: നഗരത്തിൽ ജനങ്ങളെ വലച്ചുകൊണ്ട് വേനൽച്ചൂട് ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ പകൽ നഗരത്തിൽ അനുഭവപ്പെട്ടത് 34 മുതൽ 36 ഡിഗ്രിസെൽഷ്യസ് വരെ ചൂടാണ്. രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന ചൂടും കുത്തനെ വർധിച്ചു.
പലയിടങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കാവേരി പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം വിതരണംചെയ്യുന്ന പല പ്രദേശങ്ങളിലും പൈപ്പ് ലൈനുകളിലെ തകരാറിനെത്തുടർന്ന് വിതരണം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിൽ കോർപ്പറേഷൻ സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കും. മഴക്കാലത്ത് കനത്തമഴ ലഭിച്ചതിനാൽ ഇത്തവണ കുടിവെള്ളവിതരണത്തിന് പ്രയാസമുണ്ടാകില്ലെന്നാണ് നേരത്തേ ബി.ഡബ്ല്യു. എസ്.എസ്.ബി. പറഞ്ഞിരുന്നത്. എന്നാൽ, വേനൽ തുടങ്ങിയതോടെ കുടിവെള്ളക്ഷാമം ആരംഭിച്ചത് നഗരവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സാങ്കേതിക തകരാറുകൊണ്ടാണ് കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടുന്നതെന്നും നഗരത്തിൽ വിതരണം ചെയ്യാനുള്ള വെള്ളമുണ്ടെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ചൂടുകൂടിയതോടെ അലർജി, ത്വക്ക് സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. പൊടിപടലങ്ങളുടെ അളവിലുണ്ടായ വർധനയാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത്.
വേനലിൽ പുറത്തിറങ്ങുമ്പോൾ മുഖം തുണിയുപയോഗിച്ചോ മാസ്‌ക് ഉപയോഗിച്ചോ മൂടണമെന്നതടക്കമുള്ള നിർദേശങ്ങൾ നഗരത്തിലെ ആശുപത്രികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എച്ച് വൺ എൻ വൺ പോലുള്ള അസുഖങ്ങൾ വ്യാപിക്കുന്നതിനെതിരെ ജാഗ്രതപുലർത്തണമെന്നും നിർദേശമുണ്ട്. റോഡിൽ നിന്ന് നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽനിന്ന് പൊടിപടലങ്ങൾ ഉയരുന്നത് വെള്ളമോ പൊടിവലിച്ചെടുക്കുന്ന യന്ത്രമോ ഉപയോഗിച്ച് നിയന്ത്രിക്കണമെന്ന് മലിനീകരണനിയന്ത്രണ ബോർഡ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ വേനൽച്ചൂടിൽ അല്പം തണുപ്പേകാൻ വഴിയൊരങ്ങളിൽ തണ്ണിമത്തൻ, സംഭാരം, കരിമ്പ് ജ്യൂസ് തുടങ്ങിയവ നഗരത്തിന്റെ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു. 10 രൂപ മുതൽ 40 രൂപവരെയാണ് ഇവയ്ക്ക് ഈടാക്കുന്നത്. ജ്യൂസ് കടകളിലും തിരക്ക് പതിന്മടങ്ങ് വർധിച്ചു. തണുപ്പകറ്റാൻ ഐസ്‌ക്രീമും ഷേക്കുകളും കഴിക്കുന്നവരും ഏറെ.
ഇത്തരം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കാണ് ഇതിനുള്ള ചുമതല. വൃത്തിഹീനമായ സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.