ബെംഗളൂരു: കുരങ്ങുപനി കാരണം ശിവമോഗയിൽ മരിച്ചവരുടെ എണ്ണം 12 ആയി. അരലഗൊഡു പഞ്ചായത്ത് പരിധിയിലാണ് കുരങ്ങുപനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാഗർ താലൂക്കിൽ മൂന്നു ദിവസത്തിനിടെ മൂന്നുപേർ മരിച്ചു.
ഞായറാഴ്ച അരലഗൊഡു പഞ്ചായത്തിലെ സീതമ്മ പൂജാരി (58) മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതേസ്ഥലത്ത് കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി ആറുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച പൂർണിമയും (38) വെള്ളിയാഴ്ച പാർശ്വനാഥ് ജെയിനും (68) കുരങ്ങുപനിയെ തുടർന്ന് മരിച്ചിരുന്നു.
അടുത്തടുത്ത ദിവസങ്ങളിൽ മരണംസംഭവിച്ചതിനാൽ ജനങ്ങൾ ജാഗ്രതയിലാണ്. വനംവകുപ്പിലെയും കുടുംബാരോഗ്യ ക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ കാടുകളിൽ കുരങ്ങുകൾ ചത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കുരങ്ങുപനി ഭീതി സംസ്ഥാനത്തെ ശിവമോഗ ഉൾപ്പെട്ട മലനാട് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. രോഗം പകരുമെന്ന ഭീതിയുള്ളതിനാൽ ഈ മേഖലയിൽ വിവാഹച്ചടങ്ങുകളിലും മറ്റു പൊതുപരിപാടികളിലും ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഉത്തരകന്നഡയിലെ യെല്ലപുരയിൽ ട്രെക്കിങ്ങിന് എത്തിയ ഫ്രഞ്ച് യുവതിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. കുരങ്ങിന്റെ ശരീരത്തിലുണ്ടാകുന്ന സ്രവത്തിൽനിന്നാണ് ഈ പനി പടരുന്നത്. നിലവിൽ സാഗർ, തീർഥഹള്ളി, ഹൊസനഗർ, സൊറാബ്, ശിക്കാരിപുര, ഭദ്രാവതി താലൂക്കുകളിലെ 90,000-ത്തിലധികം ആളുകൾക്ക് രക്ഷാമരുന്നുകൾ നൽകിയിട്ടുണ്ട്. രോഗംവരാനുള്ള സാധ്യത മരുന്നിലൂടെ 65 ശതമാനം കുറയുമെന്ന് അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.