ബെംഗളൂരു: സർജാപുര സ്വദേശിയായ യുവതിയിൽനിന്നാണ് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹവാഗ്ദാനം നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തത്.
പരിചയപ്പെട്ടയാൾ റോണിത് മൽഹോത്രയെന്നാണ് പേരെന്നും ഡൽഹിയിൽ സോഫ്റ്റ്‌വേർ എൻജിനീയറാണെന്നുമായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം ജനുവരിയിലാണ് ഇരുവരും വിവാഹസൈറ്റിലൂടെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരാകാൻ ഇവർ തീരുമാനിച്ചു.
കഴിഞ്ഞ എപ്രിലിൽ ബെംഗളൂരുവിലെത്തിയ യുവാവ് ജെ.പി. നഗറിലെ ഒരു അപ്പാർട്ടമെന്റിൽ നേരിട്ടുകണ്ടു. തങ്ങളുടെ ആചാരമനുസരിച്ച് സാരിയും പണവും വരന് നൽകുന്ന ചടങ്ങുണ്ടെന്ന് ഇയാൾ അറിയിച്ചതിനെത്തുടർന്ന് ഏഴരലക്ഷം രൂപ യുവതി ഇയാൾക്ക് നൽകി.
വീണ്ടും രണ്ടുമാസത്തിനുശേഷം ഡാർജലിംഗിലുള്ള അമ്മയെ കാണാൻ പോകുന്നതിന് ആറുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആറുലക്ഷം രൂപ വീണ്ടും യുവതി നൽകി. പിന്നീട് പലപ്പോഴായി പണത്തിന് അത്യാവശ്യമുണ്ടെന്ന് കാണിച്ച് നേരിട്ട് ബെംഗളൂരുവിലെത്തിയും അല്ലാതെയും യുവതിയിൽനിന്ന് 11.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.
പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ഇ-മെയിലുകൾക്ക് മറുപടിയും ലഭിക്കാതെയായി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി ജെ.പി.നഗർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.