അത്തിബെലെയിലെ ടിവിഎസ് കമ്പനിയുടെ പേരിൽ വൻജോലി തട്ടിപ്പ്;കൺസൽട്ടൻസിയിൽ നിന്ന് വിളിക്കുന്ന യുവതി സംസാരിച്ച് വീഴ്ത്തുന്നത് മലയാളത്തിൽ;ഇൻറർവ്യൂവിന് ശേഷം വ്യാജ ലെറ്ററുമായി കമ്പനിയിലേക്ക് പറഞ്ഞയക്കുന്നു;വ്യാജ തൊഴിൽ മാഫിയ ലക്ഷ്യം വക്കുന്നത് മലയാളികളെ;നിരവധി പേര്‍ക്ക് പണം നഷ്ട്ടപ്പെട്ടു;ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവ്.

ബെംഗളൂരു : നമ്മളിൽ പലരും ഈ മഹാനഗരത്തിലെത്തിയത് ചെറിയ രീതിയിലെങ്കിലും  സമ്പാദിക്കാവുന്ന മനസ്സിനിണങ്ങുന്ന ഒരു ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ്, നമ്മളിൽ പലരും ആ ലക്ഷ്യത്തിൽ വിജയിച്ചു എന്ന് പറയാം ,പലരും അതിനുള്ള പാതയിലുമാണ്.അതേ സമയം ജോലി തേടിയെത്തിയ ആൾക്കാരെ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കി തടിച്ച് കൊഴുക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്, ജോബ് കൺസൽട്ടൻസികളുടെ മറവിലാണ് അവ പ്രവർത്തിക്കുന്നത്.അങ്ങനെ യുള്ള ഒരു ഞെട്ടിക്കുന്ന വിഷയമാണ് ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവായി നിങ്ങളെ അറിയിക്കുന്നത്.

ഈ ജോലി തട്ടിപ്പ് റാക്കറ്റിൽ പ്രധാനികൾ മലയാളികളാണെന്നതും ലക്ഷ്യം വക്കുന്നത് മലയാളികളായ ഉദ്യോഗാർത്ഥികളെയുമാണെന്നത് കൂടുതൽ അൽഭുതപ്പെടുത്തുന്ന വാർത്തയാണ്, നൂറിലധികം ആളുകൾ ഇതുവരെ വഞ്ചിക്കപ്പെട്ടിട്ടുണ്ടാവാം എന്നുള്ളത് കൂടുതൽ ഭീതിജനകമാണ്.

അവരുടെ പ്രവർത്തന രീതികൾ എങ്ങനെയാണെന് നോക്കാം ഏതെങ്കിലും ഓൺലൈൻ ജോബ് പോർട്ടലിൽ നിന്നും ഉദ്യോഗാർത്ഥികളുടെ വിവരങ്ങളും ബയോഡാറ്റയും ശേഖരിച്ച ശേഷം അവരെ ഫോണിൽ ബന്ധപ്പെടുന്നു, കേരളത്തിലുള്ള വരോടോ ബെംഗളൂരുവിൽ ഉള്ള ആളായാലും റിംഗ് റോഡിലെ രാജ് കുമാർ സമാധിയിലുള്ള കൺസൽട്ടൻസിയുടെ ഓഫീസിൽ വരാൻ ആവശ്യപ്പെടുന്നു, അവിടെ വച്ച് ഒരു ഇൻറർവ്യൂ.എല്ലാവരും തെരഞ്ഞെടുക്കപ്പെടുന്നു, അപ്പോയിന്റ് മെൻറ് ലെറ്റർ കൊടുക്കുന്നതിന് മുൻപായി എല്ലാവരും രണ്ടായിരം രൂപ വച്ച് നൽകണം എന്നാവശ്യപ്പെടുന്നു, ട്രെയിനിംഗ് സമയത്തെ താമസത്തിനും ഭക്ഷണത്തിനുമാണത്രേ ആ തുക. കാശ് നൽകിയവർക്കെല്ലാം അപ്പോയിന്റ്മെൻറ് ലെറ്റർ ലഭിക്കുന്നു.

പിന്നീട് ഹൊസൂർ റോഡിലെ അത്തിബെലെയിലുള്ള ടി വി എസ് കമ്പനിയുടെ സമീപത്ത് എത്താൻ ആവശ്യപ്പെടുന്നു, അവിടെ താങ്കളെ സഹായിക്കാൻ ഞങ്ങളുടെ ആൾക്കാർ കാത്തു നിൽക്കുന്നുണ്ടാകും എന്ന് വിശ്വസിപ്പിക്കുന്നു, അവരുടെ കയ്യിൽ കൊടുക്കാനുള്ള താണ് ലെറ്റർ.പുറത്തുള്ള കടക്ക് സമീപം ഒരാൾ വരുന്നു ലെറ്റർ വാങ്ങി ഉടൻ വരാം എന്ന് പറഞ്ഞ് അയാളെ കാണാതാകുന്നു, പിന്നീട് മറ്റൊരാൾ വന്ന് കത്ത് എവിടെ യെന്ന് ചോദിക്കുന്നു, ആദ്യം വന്ന ആൾക്ക് കൊടുത്തു എന്ന് പറയുമ്പോൾ ഞാനാണ് യഥാർത്ഥ ആൾ എന്നാണ് അയാളുടെ മറുപടി, തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് അപ്പോഴാണ് പലരും തിരിച്ചറിയുന്നത്.

ഈ ജോലി തട്ടിപ്പിന് വിധേയനായ ഒരു ദൗർഭാഗ്യവാന്റെ വാക്കുകളിലൂടെ തന്നെ യാഥാർത്ഥ്യം വായിച്ചെടുക്കാം ”

Job സൈറ്റുകളിൽ രെജിസ്റ്റർ ചെയ്തത് വഴി എനിക്കു
” എം എന്‍ സി കമ്പനി ബാംഗ്ലൂർ ൽ നിന്നാണ് TVS ന്റെ പ്രോഡക്ഷന്‍ കമ്പനിയില്‍ ഒഴിവു ഉണ്ട്
എന്ന് പറഞ്ഞു ഒരു ലേഡി സ്റ്റാഫ്‌ വിളിക്കുക ഉണ്ടായി, (മലയാളത്തിലാണ് സംസാരിച്ചത് ) ജോലിയും മറ്റു കാര്യങ്ങളും വിവരിച്ചതിനു ശേഷം താല്പര്യം ഉണ്ടെങ്കിൽ അറിയിക്കാനും,പറഞ്ഞു.തരക്കേടില്ലാത്ത ഓഫര്‍  ആയതിനാൽ (food, accomodatio, free)ഞാൻ അപ്പൊ തന്നെ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു,അതിനു ശേഷം അവർ ഫോൺ വഴിതന്നെ ഇന്റർവ്യൂ നടത്തുകയും,രണ്ടു ദിവസത്തിനു ശേഷം selected ആയിട്ടുണ്ട്,എന്ന് അറിയിക്കുകയും, date തന്ന് നേരിട്ടു വന്നു join ചെയ്യാം എന്നും പറഞ്ഞു വിളിക്കുകയും. മെസ്സേജ് അയക്കുകയും ചെയ്തു.

(യൂണിഫോം മിനും മറ്റുമായി ഒരു 2000/ രൂപ കയ്യിൽ കരുതാനും, അത് ആദ്യ സാലറി യുടെ കൂടെ മടക്കി നൽകുമെന്നും അറിയിച്ചു )

അത് പ്രകാരം ബാംഗ്ലൂർൽ പോയി അവർ തന്ന അഡ്ഡ്രസിൽ എത്തി പെട്ടത് താൽക്കാലികം എന്ന് തോന്നിക്കുന്ന വിധം ഒരുക്കിയ ഒരു ഓഫീസിൽ ,അവിടെ ഞാൻ അല്ലാത്ത വേറേയും ആളുകൾ എന്നെപ്പോലെ എത്തിയിരുന്നു അതിൽ മലയാളികൾ ആയിരുന്നു കൂടുതൽ

അവിടെ അവരുടെ വക ഒരു ചെറിയ ഇന്റർവ്യൂ ഉണ്ടായിരുന്നു (മുൻപ് പല ഇന്റർവ്യൂ കളും പങ്കെടുത്ത പരിചയം ഉള്ളത് കൊണ്ട് തന്നെ എനിക്ക് അയാളുടെ ഇന്റർവ്യൂയും അവരുടെ total setupഉം കണ്ടപ്പോൾ സംശയം തോന്നി) ചെറിയ ഒരു അവസരം കിട്ടിയപ്പോൾ കൂടെ ഉണ്ടായിരുന്ന മലയാളി സുഹൃത്തുക്കളോട് ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു, ഒരു ചതി മണക്കുന്നുണ്ടെന്നും പണം അടക്കരുതേ എന്നും മുന്നറിയിപ്പ് നൽകി . എന്നാല്‍  അവർകൊക്കെ എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് എല്ലാം വരുന്നിടത്തു വച്ച് കാണാം എന്ന രീതിയിൽ ആയിരുന്നു.. എന്റെ അവസ്ഥയും ഏറക്കുറെ അങ്ങനെ തന്നെ ആയിരുന്നു.

മനസ്സില്ലാ മനസ്സോടെ ഞാൻ 2000/ രൂപയും അടച്ചു അവർ തന്നെ റസീപ്റ്റും കമ്പനി യിൽ കൊടുക്കാൻ എന്ന് പറഞ്ഞു തന്ന ലെറ്ററുമായി അവർ തന്ന അഡ്രസ്സിൽ മറ്റു രണ്ടു മലയാളി പിള്ളേര് ടേയും കൂടെ അവിടന്ന് ഇറങ്ങി..
എല്ലാരുടേയും മുഖത്തു ഒരു ജോലി കിട്ടിയ സന്തോഷം അപ്പോൾ ഞാൻ കണ്ടു
(കൂട്ടത്തിൽ തൃശൂർ കാരൻ യുവാവ് ഓഫീസിൽ ഉള്ള സ്റ്റാഫിനോട് ആദ്യ സാലറി കിട്ടുമ്പോൾ ലഡു കൊണ്ട് തരണ്ടു എന്ന് പറഞ്ഞു അവന്റെ സന്തോഷം അറിയിക്കുന്നുണ്ടായിരുന്നു ..

അങ്ങനെ അവർ തന്ന അഡ്രസ് പ്രകാരം mejestic ൽ നിന്നും 35 km അപ്പുറം attibele എന്ന സ്ഥലത്തു എത്തി..അവിടെനിന്നും അവരുടെ നിർദ്ദേശം അനുസരിച്ചു
mookandapalli (Tvs production കമ്പനിക്ക് അടുത്തുള്ള stop ) എന്ന സ്ഥലത്തു എത്തിയിട്ട് അവർ തന്ന നമ്പറിൽ വിളിച്ച്,ഒരു പയ്യൻ ഇപ്പൊ വരും അവന്റെ കൂടെ കമ്പനി യുടെ തൊട്ടടുത്ത റൂമിൽ വന്നു ഫ്രഷ് ആയിട്ട് കമ്പനി കാണാൻ പോകാം എന്നും പറഞ്ഞു.. ഒരു 5 മിനിറ്റ് നു ശേഷം 35 വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു ഞങ്ങളിൽ നിന്നും പണമടച്ച രേഖയും കമ്പനിയിൽ കൊടുക്കാനുള്ള കത്തും നേരത്തെ അവർ പറഞ്ഞ പ്രകാരം ( Temporary ID card ന് )300 രൂപ യും വാങ്ങി 50 മീറ്റർ അപ്പുറത്തുള്ള കമ്പനി ക്ക് തൊട്ടടുത്തുള്ള ബേക്കറി കാണിച്ചു അതിന്റെ മുമ്പിൽ വെയിറ്റ് ചെയാൻ പറഞ്ഞു,കമ്പനി യിലെ പേപ്പർകൾ ശരിയാക്കി റൂമിന്റെ കീ യുമായി വരാം എന്ന് പറഞ്ഞു പോയവൻ പിന്നെ ഈ നിമിഷം വരേയും വന്നിട്ടില്ല.

ഒരു അരമണിക്കൂർ കഴിഞ്ഞു മറ്റൊരുതൻ വന്നു ആദ്യതെ ആൾ കൊണ്ടുപോയ ഞങ്ങളുടെ രേഖകളും 300 രൂപ യും ആവശ്യപ്പെട്ടു, അയാളാണ് ഒറിജിനൽ ആളെന്നും നേരത്തെ വന്ന ആളെ അറിയില്ല എന്നും പറഞ്ഞു..അപ്പോഴാണ് ഞങ്ങൾ മൂന്നു പേരും ഒരേ സമയം ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്..”

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ലേഖകൻ ഒരു ഉദ്യോഗാർത്ഥി എന്ന വ്യാജേന ഇവരുടെ നമ്പറുകളിൽ ബന്ധപ്പെട്ടു, ബെംഗളൂരുവിൽ താമസിക്കാൻ വേറെ വീടുണ്ടെങ്കിലും ആദ്യത്തെ ഒരു മാസം കമ്പനി ഏർപ്പാടാക്കുന്ന സ്ഥലത്തു തന്നെ താമസിക്കണമെന്നും, യുണിഫോമിനും ഭക്ഷണത്തിനുമായി 2000 രൂപ നൽകണമെന്നുള്ള വിചിത്ര വാദമാണ് മലയാളം നന്നായി സംസാരിക്കുന്ന ആ പെൺകുട്ടി മുന്നോട്ട് വച്ചത്.സംഭാഷണം ഇവിടെ കേള്‍ക്കാം.

ഈ വൻ ജോലി തട്ടിപ്പിൽ ടി വി എസ് കമ്പനിക്ക് ഒരു വിധത്തിലും ഉള്ള പങ്കും ഉള്ളതായി ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, മാത്രമല്ല ഒരു വിഭാഗം ആളുകൾ പ്രശസ്തമായ കമ്പനിയുടെ പേര് ദുരുപയോഗപ്പെടുത്തുകയാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

മലയാളികളെ പറ്റിക്കാൻ മലയാളികൾ തന്നെ മുൻകൈയെടുക്കുന്ന വിചിത്രമായ രംഗമാണ് നമുക്കിവിടെ കാണാൻ കഴിയുക.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ജോലി തട്ടിപ്പു മാഫിയകളുടെ തട്ടിപ്പിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം:

സാധാരണ വലിയ കമ്പനികളൊന്നും തന്നെ ജോലി ലഭിക്കുന്നതിന് മുൻപെ തന്നെ ആരിൽ നിന്നും പണം ഈടാക്കുന്നതല്ല, അത് യുണിഫോമിനായാലും താമസത്തിനായാലും.

കൺസൽട്ടൻസികൾ പണം ഈടാക്കുന്നതായി കാണാറുണ്ട് ,കഴിവതും പണം നൽകാതിരിക്കാൻ ശ്രമിക്കുക, ജോലി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ തങ്ങളുടെ ആദ്യ ശമ്പളത്തിൽ നിന്ന് പിടിച്ചു കൊള്ളാൻ ആവശ്യപ്പെടുക, അല്ലെങ്കിൽ രണ്ട് മാസമെങ്കിലും കഴിഞ്ഞുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകുക.

ഇത്തരം അനുഭവങ്ങള്‍ നിങ്ങള്ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കെഴുതുക [email protected]

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us