ബെംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭാ വികാസത്തിന് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഭീഷണിപ്പെടുത്തുന്ന കോൺഗ്രസ് എം.എൽ.എമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടിക്ക് അതീതമായി ആരുമില്ലെന്നും, ആരെങ്കിലും രാജി സമർപ്പിച്ചാൽ അത് മിനിറ്റുകൾക്കകം സ്വീകരിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിൽ ഇത്തരം രാജികൾ സ്വാഭാവികമാണെന്നും ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ശിവകുമാർ വ്യക്തമാക്കി. എം.എൽ.എമാർക്ക് തങ്ങളുടെ ഭാവിയിലും പാർട്ടിയിലും വിശ്വാസമുണ്ടെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം. മുൻപ് ധരം സിംഗിന്റെയും സിദ്ധരാമയ്യയുടെയും ഭരണകാലത്ത് തനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും, എന്നുവെച്ച് രാജി വെച്ച് പോവുകയായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബംഗാരപ്പയും ഖാർഗെയും മന്ത്രിമാരായിരുന്നില്ലെങ്കിലും പിന്നീട് അവർ പ്രമുഖ പദവികളിൽ എത്തിയത് ക്ഷമയോടെ പ്രവർത്തിച്ചതുകൊണ്ടാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി.
പാർട്ടി പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും അതത് ബോർഡുകളിലും കോർപ്പറേഷനുകളിലും ഉടൻ തന്നെ പദവികൾ നൽകി പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് മാസം മുൻപ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശിവകുമാർ, തിങ്കളാഴ്ചയാണ് 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി തന്റെ മന്ത്രിസഭ വികസിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പല മുതിർന്ന നേതാക്കളും പരസ്യമായി അമർഷം പ്രകടിപ്പിക്കുകയും ഇൻഡി എം.എൽ.എ യശ്വന്തരായഗൗഡ വി. പാട്ടീൽ ഉൾപ്പെടെയുള്ളവർ രാജിക്കത്ത് നൽകുകയും ചെയ്തത്. അനുഭാവികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 34 പേരാണ് കർണാടക മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ. നിലവിൽ ഒരു ഒഴിവ് ബാക്കിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]