ബെംഗളൂരു: പീന്യ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിഹോബനഹള്ളിയിൽ ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കഞ്ചാവ് ഗുണ്ടകളുടെ അക്രമങ്ങളിൽ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. ഗനി, നഞ്ചുണ്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച ശേഷം പ്രദേശത്ത് വാഹനങ്ങളിൽ അമിത വേഗതയിൽ പാഞ്ഞെത്തി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും ശല്യം ചെയ്യുന്നതും.
കഴിഞ്ഞ മൂന്നാം തീയതി രാത്രിയിൽ ഈ സംഘത്തിന്റെ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. പ്രകോപിതരായ പ്രതികൾ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കല്ലെറിയുകയും വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പ്രതികൾ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെയും കാർ തകർക്കുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
നിരന്തരമായ ഉപദ്രവവും ആക്രമണവും സഹിക്കവെയ്യാതെ ഇരയായ പ്രദേശവാസികൾ കൃത്യമായ സിസിടിവി ദൃശ്യങ്ങൾ സഹിതം പീന്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, അക്രമത്തിന്റെ വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. പകരം ഒരു എൻ.സി.ആർ (നോൺ-കോഗ്നിസബിൾ റിപ്പോർട്ട്) മാത്രം തയ്യാറാക്കി കേസ് നിസ്സാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസിന്റെ അപലപനീയമായ നടപടിക്കെതിരെ കരിഹോബനഹള്ളിയിലെ പൊതുജനങ്ങൾക്കിടയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]