ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അതിമോഹ പദ്ധതിയായ ഹെബ്ബാൾ-സിൽക്ക് ബോർഡ് ടണൽ റോഡിന്റെ മറവിൽ ചരിത്രപ്രസിദ്ധമായ ലാൽബാഗിനുള്ളിൽ വാണിജ്യ സമുച്ചയം നിർമ്മിക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നതായി ആരോപണം. ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയാണ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതോടെ പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് വൻ വിവാദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
ടണൽ റോഡിന്റെ ഡിറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) ലാൽബാഗിന് സമീപം ടണലിന്റെ എൻട്രി, എക്സിറ്റ് പോയിന്റുകൾക്ക് പുറമേ വാണിജ്യ കെട്ടിടവും കോമർഷ്യൽ പാർക്കിംഗ് സൗകര്യവും നിർമ്മിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാൽബാഗിന്റെ ആകെയുള്ള 197 ഹെക്ടർ ഭൂമിയിൽ 1.9 ഹെക്ടർ (ഏകദേശം അഞ്ച് ഏക്കർ) മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
എന്നാൽ, സംസ്ഥാന സർക്കാർ ലാൽബാഗിനെ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്ന് ആരോപിച്ച തേജസ്വി സൂര്യ, നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ലാൽബാഗ് വിറ്റഴിക്കുകയാണെന്ന സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത അദ്ദേഹം, പദ്ധതിക്കെതിരെ ശബ്ദമുയർത്താൻ ബെംഗളൂരു നിവാസികളോട് ആഹ്വാനം ചെയ്തു. പാരമ്പര്യ പ്രൗഢിയുള്ള ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന്റെ ഭൂമി ഏറ്റെടുക്കുന്നത് ഇവിടുത്തെ പുരാതന പാറക്കെട്ടുകൾക്കും പരിസ്ഥിതിക്കും നാശമുണ്ടാക്കുമെന്ന ആശങ്കയിൽ നിരവധി സംഘടനകളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സിൽക്ക് ബോർഡ് ജംഗ്ഷനെയും ഹെബ്ബാൾ ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 16.7 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ പാത ബെംഗളൂരുവിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം 30 മിനിറ്റിലധികം ലാഭിക്കാനും ഈ പദ്ധതി ഉപകരിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം. വിമാനത്താവളത്തിലേക്കും ഐ.ടി ഇടനാഴികളിലേക്കുമുള്ള യാത്ര സുഗമമാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ പദ്ധതിയുടെ ടെൻഡർ നടപടികൾ കടമ്പകൾ നിറഞ്ഞതാണ്. രണ്ടാം ഘട്ട ടെൻഡറിൽ അദാനി ഗ്രൂപ്പ് കുറഞ്ഞ തുക രേഖപ്പെടുത്തിയെങ്കിലും സർക്കാരിന്റെ കണക്കുകൂട്ടലായ 17,698 കോടി രൂപയേക്കാൾ 4,600 കോടി രൂപയോളം അധികം തുകയാണ് (22,267 കോടി രൂപ) അവർ ആവശ്യപ്പെട്ടിരിക്കുന്നത്. തുക ബജറ്റ് വിഹിതത്തേക്കാൾ കൂടുതലായതിനാൽ പദ്ധതിക്ക് ഇതുവരെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സാമ്പത്തിക ബാധ്യതയും ലാൽബാഗിന്റെ വിസ്തൃതിയെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയർന്നുവന്നതോടെ ടണൽ റോഡ് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
