ബംഗളൂരു: ഒത്തൊരുമയോടെയുള്ള നിരന്തര പരിശ്രമത്തിലൂടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ട് ഒരു ജനവാസ മേഖല. ബംഗളൂരു കുക്ക് ടൗണിലെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (CTRWA) കഴിഞ്ഞ ഒരു വർഷമായി നടത്തിയ സജീവമായ ഇടപെടലുകളാണ് പ്രദേശത്തെ മാലിന്യക്കൂമ്പാരങ്ങളെ (ബ്ലാക്ക് സ്പോട്ടുകൾ) പൂർണ്ണമായി ഇല്ലാതാക്കിയത്. അധികൃതരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെക്കൂടി പങ്കാളികളാക്കി കൃത്യമായ നിരീക്ഷണ സംവിധാനം ഒരുക്കിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മാത്രമല്ല, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഒരു ടീമായി പ്രവർത്തിക്കാനും അസോസിയേഷൻ അംഗങ്ങൾ തയ്യാറായി. പല ദിവസങ്ങളിലും പുലർച്ചെ 5.30-ന് തന്നെ അസോസിയേഷൻ പ്രതിനിധികൾ നേരിട്ട് രംഗത്തിറങ്ങി മാലിന്യം ശേഖരിക്കുന്ന ഓട്ടോ ടിപ്പറുകൾ കൃത്യമായി എത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താറുണ്ടെന്ന് കുക്ക് ടൗൺ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് രാജാ ഷൺമുഖൻ പറഞ്ഞു. മുൻപ് പല വണ്ടികളും രേഖകളിൽ മാത്രം ഹാജർ രേഖപ്പെടുത്തുകയും നേരിട്ട് എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ നിലവിൽ സുതാര്യത ഉറപ്പാക്കാൻ ജി.പി.എസ് ടാഗ് ചെയ്ത ചിത്രങ്ങൾ മാർഷൽമാർ വഴി പോസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യക്കൂമ്പാരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വെറുതെ പങ്കുവെക്കുന്ന മുൻപത്തെ രീതിക്ക് പകരം, കോർപ്പറേഷന്റെ ഔദ്യോഗിക ‘സഹായ’ (Sahaaya) ആപ്പ് വഴി പരാതികൾ രജിസ്റ്റർ ചെയ്യാൻ അസോസിയേഷൻ നിവാസികളോട് ആവശ്യപ്പെട്ടു. പരാതികളിൽ കൃത്യമായ നടപടി ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അസോസിയേഷൻ പ്രത്യേക ഫോളോ-അപ്പ് സംവിധാനവും ഒരുക്കി. തുടക്കത്തിൽ കൃത്യമായ പരിഹാരം കാണാതെ ചില പരാതികൾ അധികൃതർ ക്ലോസ് ചെയ്തിരുന്നെങ്കിലും, അസോസിയേഷൻ ശക്തമായി ഇടപെട്ടതോടെ ഈ പ്രവണത അവസാനിച്ചതായി മാലിന്യ നിർമ്മാർജ്ജന വിഭാഗം മേധാവി റൊണാൾഡോ റെഗോ വ്യക്തമാക്കി.
മാലിന്യ സംസ്കരണ സംവിധാനം കുറ്റമറ്റതായതോടെ പരാതികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പ്രദേശത്തുണ്ടായിരുന്ന 15 പ്രധാന മാലിന്യകേന്ദ്രങ്ങൾ പൂർണ്ണമായി വൃത്തിയാക്കി മനോഹരമാക്കാൻ അസോസിയേഷന് സാധിച്ചു. ജനങ്ങളുടെ ഈ കൂട്ടായ ഇടപെടലിന് ശേഷം കുക്ക് ടൗണിലെ റോഡുകൾ കൂടുതൽ വൃത്തിയുള്ളതാവുകയും മാലിന്യ ശേഖരണം ഏറെ കാര്യക്ഷമമാവുകയും ചെയ്തുവെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
