ബെംഗളൂരു: തീരദേശ കർണാടകയുടെ ദീർഘനാളത്തെ കാത്തിരിപ്പായ ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന് വഴിയൊരുങ്ങുന്നു. ഹാസൻ-മംഗളൂരു റെയിൽവേ ലൈനിലെ പുതുതായി വൈദ്യുതീകരിച്ച സകലേശ്പുർ-സുബ്രഹ്മണ്യ ചുരം പാതയിൽ നാളെ (ജൂൺ 1) മുതൽ റെയിൽവേ അന്തിമ പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കും.
റെയിൽവേ മന്ത്രാലയത്തിന്റെ ഗുണനിലവാര, മാനദണ്ഡ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഈ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി അംഗീകാര റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള അവസാന സാങ്കേതിക തടസ്സവും നീങ്ങും. ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവീസ് ജൂൺ മാസത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം മംഗളൂരു സന്ദർശിച്ച റെയിൽവേ സഹമന്ത്രി വി. സോമണ്ണ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വ്യത്യസ്ത ഭാരങ്ങളിലുള്ള പാസഞ്ചർ, ചരക്ക് തീവണ്ടികൾ ഉൾപ്പെടെ വിവിധതരം ട്രെയിൻ സെറ്റുകൾ റൂറ്റിൽ ഓടിച്ചാണ് വൈദ്യുതീകരിച്ച പാതയുടെ പ്രകടനവും സുരക്ഷിതത്വവും വിലയിരുത്തുകയെന്ന് സൗത്ത് വെസ്റ്റേൺ റെയിവേ മൈസൂരു ഡിവിഷനൽ റെയിൽവേ മാനേജർ മുദിത് മിത്തൽ വ്യക്തമാക്കി. പരീക്ഷണ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം ഒരാഴ്ചയോളമെടുക്കും. ഇലക്ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ച് ഒഴിഞ്ഞ പാസഞ്ചർ റേക്ക് ഉൾപ്പെടുത്തിയുള്ള ട്രയൽ റൺ അടുത്തിടെ പാതയിൽ വിജയകരമായി നടത്തിയിരുന്നു. നിലവിൽ ആർ.ഡി.എസ്.ഒ ടീമിന്റെ പരീക്ഷണ ഫലത്തിനും മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കുമായി കാത്തിരിക്കുകയാണ് റെയിൽവേ അധികൃതർ.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞ റെയിവേ സെക്ഷനുകളിലൊന്നായാണ് ഹാസൻ-മംഗളൂരു പാതയിലെ 55 കിലോമീറ്റർ വരുന്ന സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷൻ കണക്കാക്കപ്പെടുന്നത്. ഓരോ 50 മീറ്റർ ദൂരത്തിലും ട്രാക്ക് ഒരു മീറ്റർ വീതം ഉയരുന്ന അതിശക്തമായ കുത്തനെയുള്ള ചരിവാണ് ഈ പാതയ്ക്കുള്ളത്. നിരന്തരം മ മണ്ണിടിച്ചിൽ സാധ്യതയുള്ള ഈ മലയോര മേഖലയിൽ 57 തുരങ്കങ്ങളും 258 പാലങ്ങളും 108 കൂർത്ത വളവുകളുമുണ്ട്. ഇത് പാതയുടെ വൈദ്യുതീകരണ ജോലികളെ അതീവ സങ്കീർണ്ണമായ എഞ്ചിനീയറിങ് ദൗത്യമാക്കി മാറ്റിയിരുന്നു.
മൈസൂരു-ഹാസൻ-മംഗളൂരു സെക്ഷൻ ഉൾപ്പെടെ ഏകദേശം 400 കിലോമീറ്റർ റെയിൽവേ ലൈനുകൾ വൈദ്യുതീകരിക്കുന്നതിനുള്ള കരാർ 2021 ഓഗസ്റ്റിലാണ് നൽകിയത്. പദ്ധതിക്ക് തുടക്കത്തിൽ 461.23 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും റെയിൽവേ മന്ത്രാലയം ഈ വർഷം മാർച്ചിൽ പുതുക്കിയ കണക്കുകൾ പ്രകാരം ചെലവ് 729.28 കോടി രൂപയായി ഉയർത്തി. ഇതിൽ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് ചുരം പാതയുടെ വൈദ്യുതീകരണത്തിന് മാത്രമായി വലിയൊരു തുക നീക്കിവെച്ചിരുന്നു. പുതിയ ലൈനിലെ ഓവർഹെഡ് വൈദ്യുതീകരണ സംവിധാനങ്ങൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]