ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രധാനമന്ത്രി സന്ദർശിക്കുന്ന പാതയ്ക്ക് സമീപത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലാണ് അച്ചടക്ക നടപടി. സുരക്ഷാവീഴ്ചയുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരുടെ പേരുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
മേയ് 10-നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കൾ അടങ്ങിയ പെട്ടി കണ്ടെടുത്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഒരു കോൺസ്റ്റബിളാണ് പ്രധാന റോഡിൽ നിന്നും 25 അടി മാറി, ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മതിലിനോട് ചേർന്ന് സംശയാസ്പദമായ രീതിയിൽ ഒരു കാർട്ടൻ ബോക്സ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടി, കർപ്പൂരം, ബാറ്ററികൾ, കണക്റ്റിങ് വയറുകൾ, ഒരു റിയൽ ടൈം ക്ലോക്ക്, എൽസിഡി ഡിസ്‌പ്ലേ എന്നിവ ഈ ബോക്‌സിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ അതിർത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രതികളെക്കുറിച്ച് ഇതുവരെയും കേസിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കണ്ടെടുത്ത വസ്തുക്കളിൽ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും നിലവിലുണ്ടായിരുന്നില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കാർട്ടൻ ബോക്‌സിലുണ്ടായിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾക്ക് മൂന്ന് വർഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും, ടൈമർ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നുവെന്നും, ബോക്‌സിൽ ഡിറ്റണേറ്റർ ഉണ്ടായിരുന്നില്ലെന്നുമാണ് ഫോറൻസിക് പരിശോധനാ ഫലം ചൂണ്ടിക്കാണിക്കുന്നത്.
