ബെംഗളൂരു: കാലവർഷത്തിന് മുന്നോടിയായി പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ വീണ്ടും ചർച്ചയാകുന്നു. നഗരത്തിലെ പ്രമുഖ ഐടി ഹബ്ബായ ഇൻഡിരാനഗറിൽ ശക്തമായ മഴയ്ക്കിടെ വൈദ്യുത പോസ്റ്റിലെ വയറുകൾ ഒന്നൊന്നായി പൊട്ടിത്തെറിക്കുന്ന ഭീതിജനകമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മീഡിയൽ’ (Medial) കമ്പനിയുടെ സ്ഥാപകനായ നികേത് രാജ് ദ്വിവേദി തന്റെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ച 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിലും കാറ്റിലും നഗരത്തിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരുന്നു. മജസ്റ്റിക്, എം.ജി റോഡ്, ഗാന്ധിനഗർ, റിച്ച്മണ്ട് സർക്കിൾ, ഹലസൂരു, ഇൻഡിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് നഗരത്തിലുണ്ടായത്.
ഇതിനിടയിലാണ് ഇൻഡിരാനഗറിൽ വെച്ച് വൈദ്യുത പോസ്റ്റിൽ വലിയ രീതിയിൽ തീപ്പൊരികൾ ഉണ്ടാവുകയും, തുടർന്ന് വയറുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്. “ഇൻഡിരാനഗറിൽ കനത്ത മഴ, ഒപ്പം വൈദ്യുത ലൈനുകളുടെ വക തകർപ്പൻ പ്രകടനവും” എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പോടെയാണ് നികേത് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് കവചമില്ലാത്ത (Naked wire) ഈ വൈദ്യുത ലൈൻ മുഴുവനായി ചുവന്നുതുടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ പുറത്തുവന്നതോടെ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. മഴക്കാലത്ത് നഗ്നമായ ഇത്തരം വൈദ്യുത ലൈനുകൾ ജനങ്ങൾക്ക് വലിയ ഭീഷണിയാണെന്നും, ഇൻസുലേഷൻ ടേപ്പുകൾക്ക് പകരം കൃത്യമായ സുരക്ഷാ കവചങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. “ഇത്തവണ മൺസൂൺ കാലത്ത് ദീപാവലി നേരത്തെ എത്തിയതുപോലെ തോന്നി” എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
അതേസമയം, വരും ദിവസങ്ങളിലും ബെംഗളൂരുവിൽ ശക്തമായ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങളും വാഹനയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
