ബെംഗളൂരു: നഗരത്തിലെ ഹോട്ടൽ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജിഎസ്ടി നിരക്കുകളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ ഈ ഇടപെടൽ.
ഹോട്ടൽ മുറികൾക്കും ഭക്ഷണ സേവനങ്ങൾക്കും നിലവിലുള്ള ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനായി രണ്ട് നിർദ്ദേശങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. മധുരപലഹാരങ്ങൾക്കും ബേക്കറി ഉൽപ്പന്നങ്ങൾക്കും നൽകുന്നതുപോലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ആനുകൂല്യത്തോടുകൂടി ഹോട്ടൽ സേവനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി നിശ്ചയിക്കുക എന്നതാണ് ആദ്യ നിർദ്ദേശം. അതല്ലെങ്കിൽ, വാണിജ്യ എൽപിജി സിലിണ്ടറുകൾ, കെട്ടിട വാടക, കിച്ചൺ ഉപകരണങ്ങൾ തുടങ്ങിയ പ്രധാന ചെലവുകളുടെ ജിഎസ്ടി നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ലക്ഷക്കണക്കിന് ഇടത്തരക്കാർക്ക് തൊഴിൽ നൽകുന്ന മേഖലയാണിതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രാദേശിക കർഷകരിൽ നിന്ന് വൻതോതിൽ പച്ചക്കറികളും പാലും പഴവർഗ്ഗങ്ങളും സംഭരിക്കുന്നതിലൂടെ കാർഷിക മേഖലയ്ക്കും വലിയ പിന്തുണയാണ് ഹോട്ടലുകൾ നൽകുന്നത്. ഇതിനുപുറമെ, പൊതുജനങ്ങൾക്ക് സൗജന്യമായി കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും ഹോട്ടലുകൾ നൽകുന്നുണ്ടെന്നും ഈ സാമൂഹിക സേവനങ്ങൾ പരിഗണിച്ച് നികുതി ഘടനയിൽ മാറ്റം വരുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാത്തത് പ്രവർത്തനച്ചെലവ് കുത്തനെ ഉയരാൻ കാരണമാകുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. നിലവിൽ ഗ്യാസ് സിലിണ്ടറുകൾക്കും വാടകയ്ക്കുമായി മാത്രം പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ചിലവാകുന്നുണ്ട്. ജിഎസ്ടി നിരക്ക് 5 ശതമാനമായി ഏകീകരിച്ചാൽ ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്താതെ തന്നെ ഹോട്ടൽ വ്യവസായത്തിന് മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]