ബെംഗളൂരു: കർണാടകയിൽ മദ്യവില മെയ് ഒന്ന് മുതൽ വീണ്ടും വർദ്ധിക്കാൻ സാധ്യത. കോൺഗ്രസ് സർക്കാർ അധികാരമേറ്റ ശേഷം ഇത് അഞ്ചാം തവണയാണ് എക്സൈസ് തീരുവ പരിഷ്കരിക്കുന്നത്. പുതിയ നയം നടപ്പിലാകുന്നതോടെ സാധാരണക്കാരും ഇടത്തരക്കാരും ഉപയോഗിക്കുന്ന മദ്യത്തിന് വൻ വിലക്കയറ്റമുണ്ടാകും.
ആൽക്കഹോൾ അളവിനനുസരിച്ച് നികുതി
മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കിയാണ് പുതിയ നികുതി ഘടന സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ആൽക്കഹോൾ കൂടുന്തോറും നികുതിയും വർദ്ധിക്കും. ഈ മാറ്റം മൂലം പ്രീമിയം ബ്രാൻഡുകൾക്ക് നേരിയ വിലക്കുറവ് ഉണ്ടായേക്കാമെങ്കിലും, സാധാരണക്കാർ ആശ്രയിക്കുന്ന കുറഞ്ഞ വിലയുള്ള മദ്യത്തിന് 20 ശതമാനം വരെ വില കൂടും. വിസ്കി, റം, ബ്രാണ്ടി, ജിൻ എന്നിവയ്ക്ക് ക്വാർട്ടറിന് 15 രൂപ മുതൽ 25 രൂപ വരെയും, ഫുൾ ബോട്ടിലിന് 50 മുതൽ 100 രൂപ വരെയും വർദ്ധനവ് പ്രതീക്ഷിക്കുന്നു. ബാറുകളിലും റെസ്റ്റോറന്റുകളിലും സർവീസ് ചാർജ് കൂടി ചേരുന്നതോടെ കുപ്പിക്ക് ഇതിലും വലിയ തുക നൽകേണ്ടി വരും.
ഗ്യാരണ്ടി പദ്ധതികൾക്കായി പിടിച്ചുപറി
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കും (ഗ്യാരണ്ടി സ്കീമുകൾ) മറ്റ് വാഗ്ദാനങ്ങൾക്കും പണം കണ്ടെത്താനാണ് മദ്യപാനികളെ സർക്കാർ നിരന്തരം പിഴിയുന്നതെന്ന ആക്ഷേപം ശക്തമാണ്.
മൂന്ന് വർഷത്തിനിടെയുള്ള ഈ അഞ്ചാമത്തെ വിലവർദ്ധനവിനെതിരെ മദ്യ വ്യാപാരികളും ഉപഭോക്താക്കളും കടുത്ത രോഷത്തിലാണ്. നിലവിൽ എക്സൈസ് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന താഴെത്തട്ടിലുള്ള മദ്യവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം വിപരീതഫലം ഉണ്ടാക്കുമെന്നും ഇവർ ആരോപിക്കുന്നു.
മദ്യത്തിന്റെ വില എത്ര വർദ്ധിക്കും?
സ്ലാബ്-1: ₹80 ൽ നിന്ന് ₹95 ആയി (₹15 ന്റെ വർദ്ധനവ്)
സ്ലാബ്-2: ₹95 ൽ നിന്ന് ₹110 ആയി (₹15 ന്റെ വർദ്ധനവ്) വർദ്ധിപ്പിച്ചു.
സ്ലാബ്-3: ₹120 ൽ നിന്ന് ₹135 ആയി വർദ്ധിപ്പിച്ചു (₹15 ന്റെ വർദ്ധനവ്)
സ്ലാബ്-4: ₹150 ൽ നിന്ന് ₹170 ആയി വർദ്ധിപ്പിച്ചു (₹20 ന്റെ വർദ്ധനവ്)
