ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച് മകൾ ശിലയാകുന്നതും കാത്ത് മണിക്കൂറുകള്‍‍, ഒടുവില്‍…

പുതുക്കോട്ടൈ: 12 വയസായാല്‍ കുട്ടി ശിലയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച വീട്ടുക്കാര്‍ കുട്ടിയെ ഒരുക്കി ക്ഷേത്രനടയിൽ ഇരുത്തിയത് മണിക്കൂറുകള്‍. തമിഴ്നാട് പുതുക്കോട്ടൈ മണമേൽക്കുടിക്ക്‌ സമീപം അമ്മാപട്ടണത്തിലാണ് സംഭവം.

ഉറക്കത്തില്‍ പെണ്‍കുട്ടി പാമ്പിനെയും പക്ഷികളെയും ദേവന്മാരെയും സ്വപ്നം കണ്ട് ഉണരാറുണ്ടെന്ന കാരണം പറഞ്ഞാണ് കുട്ടിയുടെ ജാതകവുമായി മാതാപിതാക്കള്‍ ജ്യോതിഷിയുടെ അടുത്തെത്തുന്നത്. ജാതകം പരിശോധിച്ച സ്വാമിജി കുട്ടി ദൈവത്തിന്‍റെ പ്രതിരൂപമാണെന്നും 12 വയസ്സാകുമ്പോൾ അവള്‍ ശിലയായി മാറുമെന്നും പ്രവചിക്കുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കള്‍ മറ്റ് പല സ്വാമിമാരെയും കാണുകയും പ്രവചനം സ്ഥിരീകരിക്കുകയും ചെയ്തു.

ജൂലായ്‌ രണ്ടാം തീയതി പന്ത്രണ്ടാം ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീട്ടില്‍ പ്രത്യേകം പൂജകള്‍ നടത്തി. വൈകുന്നേരം ആയപ്പോഴേക്കും പട്ടുസാരി ഉടുപ്പിച്ച് തലയിൽ മുല്ലപ്പൂ ചൂടി കയ്യില്‍ നിറയെ വളകള്‍ അണിയിച്ച് കുട്ടിയെ ഒരുക്കി.

തുടര്‍ന്ന്, മണമേൽക്കുടി വടക്കുര്‍ അമ്മന്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ കുട്ടിയെ ക്ഷേത്ര നടയില്‍ ഇരുത്തി. മകള്‍ ദൈവമാകുന്നത് കാണാന്‍ മാതാപിതാക്കളും, ജീവനുള്ള കുട്ടി കല്ലായി മാറുന്ന അത്ഭുത കാഴ്ച കാണാന്‍ നാട്ടുകാരും കാത്തിരുന്നു. കാത്തിരിപ്പിനിടയില്‍ ഭക്തി മൂത്ത ചില സ്ത്രീകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി.

കാത്തിരിപ്പ് ആറു മണിക്കൂറുകള്‍ നീണ്ടു. രാത്രി 11 മണിയായതോടെ ആളുകള്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി ശിലയാകുന്നില്ലെന്ന് കണ്ടതോടെ ക്ഷേത്രത്തിലെ പൂജാരി മാതാപിതാക്കളെ ശകാരിക്കുകയും ക്ഷേത്ര പരിസരത്ത് നിന്നും പോകാന്‍ പറയുകയും ചെയ്തു. ഇതോടെ, മാതാപിതാക്കള്‍ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കുട്ടിയുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തിയാണ് മാതാപിതാക്കള്‍ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ശിശു സംരക്ഷണ വിഭാഗം ഓഫീസര്‍ ഇളയരാജ പറഞ്ഞു.

കുട്ടികളെ കരുവാക്കിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും തമിഴ്നാട് ശിശു ക്ഷേമ സംസ്ഥാന കമ്മിഷൻ അംഗം പി. മോഹന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us