ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ ഇന്ദിരാനഗറിൽ യുവതിക്ക് നേരെ പരസ്യമായി ലൈംഗികാതിക്രമവും അധിക്ഷേപവും നടന്നതായി പരാതി. 36 വയസ്സുകാരിയായ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം പുരുഷന്മാർക്കെതിരെ ഇന്ദിരാനഗർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഇന്ദിരാനഗറിലെ ‘ചിക്ക്പേട്ട് ദൊണ്ണെ ബിരിയാണി’ ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. ഈ സമയത്ത് കാറിലെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ യുവതിക്ക് നേരെ അശ്ലീല കമന്റുകൾ പറയുകയായിരുന്നു. അമിതമായി അപമാനിക്കപ്പെട്ട യുവതി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് അതിക്രൂരമായ ഭാഷയിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
“എനിക്ക് നിന്നെ അനുഭവിച്ചറിയണം എന്നും മറ്റുമുള്ള അത്യന്തം മോശമായ വാക്കുകൾ ഉപയോഗിച്ചാണ് ഇവർ യുവതിയെ പരസ്യമായി അപമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുവതി ഇതിനെ ചോദ്യം ചെയ്തതോടെ പ്രതികൾ അവരെ വളയുകയും കാർ ദേഹത്തേക്ക് ഓടിച്ചു കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ നിന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതികൾ തടയുകയും തള്ളുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനുള്ളിൽ രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. പ്രതികളെ തിരിച്ചറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. നടുറോഡിൽ അതും തിരക്കുള്ള സ്ഥലത്ത് വെച്ച് നടന്ന ഈ ആക്രമണം നഗരവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]