ബംഗളുരു: കല്യാൺ ജൂവലേഴ്‌സിനെതിരെ പോരാട്ടം നടത്തി വിജയകഥ പറയുകയാണ് കർണ്ണാടകയിലെ മെഡഹള്ളിയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപിക വരലക്ഷ്മ. ജൂവലറിയുടെ വഞ്ചനയ്‌ക്കെതിരെയായിരുന്നു ഈ അദ്ധ്യാപികയുടെ പോരാട്ടം. പറയുന്നത് സത്യമാണെന്ന് കൺസ്യൂമർ ഫോറത്തിനും പിടികിട്ടി.
ഇതോടെ ജൂവലറി രംഗത്തെ വമ്പന് അടിതെറ്റി. സർവ്വവിധ സന്നാഹവുമായി എത്തിയിട്ടും കല്യാൺ മുതലാളിക്ക് ഈ സർക്കാർ അദ്ധ്യാപികയ്ക്ക് മുമ്പിൽ അടിതെറ്റുകയായിരുന്നു. നഷ്ടപരിപാഹവും മാനനഷ്ടവും അദ്ധ്യാപികയ്ക്ക് കൊടുക്കാനാണ് കൺസ്യൂമർ ഫോറത്തിന്റെ ഉത്തരവ്.അധിക വില ഈടാക്കിയാണ് അദ്ധ്യാപികയെ ജ്യൂവലറിക്കാർ പറ്റിച്ചതെന്ന വാദം ശരിയാണെന്ന് കൺസ്യൂമർ ഫോറവും കണ്ടെത്തി. 7.130 ഗ്രാം സ്വർണം തിരിച്ചെടുത്ത് പണം നൽകണം. ഒപ്പം 27,294 രൂപ മാനഹാനി വരുത്തിയതിനുള്ള നഷ്ടം നൽകണമെന്നും വിധിയിലുണ്ട്. വെയ്‌സ്റ്റേജ് ചാർജ് ഇനത്തിൽ(പണിക്കുറവ്) അദ്ധ്യാപികയെ പറഞ്ഞു പറ്റിച്ചതിനാണ് ഇത്.
രണ്ട് കൊല്ലം മുമ്പാണ് ജൂവലറിയുടെ വാഗ്ദാനങ്ങളിൽ അദ്ധ്യാപികയും വീഴുന്നത്. എന്നാൽ പറഞ്ഞതൊന്നുമല്ല നടന്നത്. ഇതോടെയാണ് കല്യാണിനെതിരെ കൺസ്യൂമർ ഫോറത്തെ സമീപിച്ചതും അനുകൂല വിധി നേടിയതും.മെഡഹള്ളിയിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് വരലക്ഷ്മ, ഇവിടെ എത്തിയ ജൂവലറിയുടെ പ്രതിനിധികളാണ് വരലക്ഷ്മയെ കല്യാണിന്റെ ഇടപാടുകാരിയാക്കിയത്.
കുറച്ച വെസ്റ്റേജ് ചാർജിൽ സ്വർണം കൊടുക്കുന്ന പദ്ധതിയിൽ ഇവർ അദ്ധ്യാപികയേയും ചേർത്തു. ആറായിരം രൂപവച്ച് 11 മാസം അടച്ചാൽ കുറച്ച് വെസ്റ്റേജ് കൂലിക്ക് സ്വർണം എന്നതായിരുന്നു വാഗ്ദാനം. എല്ലാ മാസവും സ്‌കൂളിലെത്തി മാസ തുക നേരിട്ട് വാങ്ങുമെന്നും വാഗ്ദാനം നൽകി. ഇതെല്ലാം വിശ്വസിച്ചായിരുന്നു പദ്ധതിയിൽ അംഗമായത്.എന്നാൽ ആരും മാസ തുക വാങ്ങാനെത്തിയില്ല. ഇതോടെ കൊടുത്ത തുക നഷ്ടമാകാതിരിക്കാൻ കല്യാൺ ബ്രാഞ്ചിൽ ബന്ധപ്പെട്ടു. ഹോസ്‌കോട്ടിലെ കടയിലെത്തി പണം അടച്ചു. പദ്ധതി പൂർത്തിയായപ്പോൾ ഒരു നെക് ലേസ് വേണമെന്ന് ആവശ്യപ്പെട്ടു. അത് ഹോസ് കോട്ടിലുണ്ടായിരുന്നില്ല.
പകരം മറ്റൊരു കടയിൽ നിന്ന് വാങ്ങാൻ നിർദ്ദേശിച്ചു. ഇതു പ്രകാരം ഡിക്കിൻസൺ റോഡിലെ ഷോ റൂമിൽ നിന്ന് നെക്ലസ് വാങ്ങനെത്തി. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം സാധനം കിട്ടി. എന്നാൽ 23.5 ശതമാനമാണ് വെസ്റ്റേജ് ചാർജായി ഈടാക്കിയത്. പദ്ധതിയിൽ ചേരുമ്പോൾ 3മുതൽ 5 ശതമാനം വരെ മാത്രമേ ഈടാക്കൂവെന്ന വാഗ്ദാനമാണ് ലംഘിക്കപ്പെട്ടത്.
20.970 ഗ്രാം സ്വർണ്ണാഭരണമാണ് വാങ്ങിയത്. ഇതിന് 78,000 രൂപയും ഈടാക്കി. പിന്നീട് ഇതേ ആഭരണം മറ്റൊരു കടയിൽ നിന്ന് 71,000 രൂപയ്ക്ക് വാങ്ങാനും അദ്ധ്യാപികയ്ക്ക് കഴിഞ്ഞു. ഈ ആഭരണത്തിന് 23.310 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതോടെയാണ് കല്യാൺ ജൂവലറിയുടെ കള്ളക്കളി അദ്ധ്യാപിക തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ നിയമപോരാട്ടവും തുടങ്ങി. ഇതാണ് ഒടുവിൽ വിജയത്തിലെത്തുന്നത്. അദ്ധ്യാപികയുടെ വാദങ്ങളെല്ലാം ബംഗളുരുവിലെ കൺസ്യൂമർ കോടതി അംഗീകരിച്ചു. കുറഞ്ഞ അളവിലെ സ്വർണ്ണാഭരണത്തിന് കൂടുതൽ തുക വാങ്ങി വഞ്ചിച്ചുവെന്നും കണ്ടെത്തി. ഇതനുസരിച്ചാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
സ്വർണ്ണത്തിന്റെ വില വ്യത്യാസമായ 7,294 രൂപ അദ്ധ്യാപികയ്ക്ക് തിരിച്ചു നൽകണം. ജൂലൈ 2016 മുതൽ 12 ശതമാനം പലിശയോടൊണ് ഇതുകൊടുക്കേണ്ടത്. ഇതിനൊപ്പം 10000 രൂപ മാനസിക പ്രയാസമുണ്ടായതിനും 10000രൂപ നിയമപരമായ ചെലവുകൾക്കുമായി നൽകണമെന്നാണ് ഉത്തരവ്. 30 ദിവസത്തിനുള്ള ഉത്തരവ് നടപ്പാക്കിയ ശേഷം 15 ദിവസത്തിനുള്ളിൽ കൺസ്യൂമർ കോടതിയെ ഇക്കാര്യം അറിയിക്കണമെന്നും ഉത്തവിലുണ്ട്.
ബംഗളൂർ അഡീഷണൽ ഡിസ്ട്രിക്ട് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ ഫോറമാണ് ഈ വിധി പുറപ്പെടുവിച്ചത്. പ്രിസന്റ് എച്ച് ആർ ശ്രീനിവാസും അംഗമായ ഡി സുരേഷുമാണ് അദ്ധ്യാപികയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതും കല്യാണിൽ നിന്ന് അത് ഈടാക്കി നൽകാനും ഉത്തരവിട്ടത്.
(News Courtesy :MarunadanMalayali.Com)